വര്‍ദ്ധിപ്പിച്ച നെല്ലുവില നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിച്ചു

Wednesday 30 December 2015 11:23 pm IST

ആലപ്പുഴ: വര്‍ദ്ധിപ്പിച്ച നെല്ലുവില നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചു.  സപ്തംബര്‍ 23നാണ് നെല്ലുവില കിലോയ്ക്ക് 2.50 രൂപ വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ  വര്‍ദ്ധിപ്പിച്ച തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാം കൃഷിയുടെ നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് 21.50 രൂപ പ്രകാരം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. നിലവില്‍ 19 രൂപ വീതമാണ്  നല്‍കുന്നത്. നേരത്തെ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ ഡിസംബര്‍ ആദ്യവാരം മുതല്‍ വര്‍ദ്ധിപ്പിച്ച വില നല്‍കുമെന്ന പ്രഖ്യാപനവും മറ്റൊരു തട്ടിപ്പായി മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രഖ്യാപിച്ച വെറും വാഗ്ദാനത്തട്ടിപ്പ്  മാത്രമായിരുന്നു സര്‍ക്കാരിന്റേതെന്ന് ഇന്ന് കര്‍ഷകര്‍ തിരിച്ചറിയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒന്നുംതന്നെ നടപ്പായിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2014ലെ പുഞ്ചകൃഷി മുതല്‍ പമ്പിങ് സബ്‌സിഡി വര്‍ദ്ധിപ്പിച്ചു നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. 2014ലെ പുഞ്ചകൃഷി മുതല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തുക ഇനിയും വിതരണം ചെയ്തിട്ടില്ല. 58കോടിരൂപയാണ് സംസ്ഥാനത്ത് ആകെ ഈ ഇനത്തില്‍ നല്‍കാനുള്ളത്. ആലപ്പുഴജില്ലയില്‍ മാത്രം 22,000 കര്‍ഷകര്‍ക്ക് പതിനൊന്നുകോടി രൂപ കിട്ടാനുണ്ട്. 2014ലെ പുഞ്ചകൃഷി മുതല്‍ വര്‍ദ്ധിപ്പിച്ച ഉത്പാദക ബോണസ് നല്‍കുമെന്ന വാഗ്ദാനവും വെറും പതിരായി. കൂടാതെ സംഭരിച്ച നെല്ലിന്റെ വില യഥാസമയം നല്‍കുന്നതിലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 12 ജില്ലകളിലെ കര്‍ഷകര്‍ക്കായി 48കോടി രൂപയാണ് സിവില്‍ സപ്ലൈസ് നല്‍കാനുള്ളത്. ആലപ്പുഴ ജില്ലയില്‍ മാത്രം 10.50 കോടി രൂപ കുടിശ്ശികയാണ്. ഏറ്റവും കുടുതല്‍ കുടിശ്ശിഖ യുള്ളത് പാലക്കാട് ജില്ലയിലാണ്. 24.50 കോടി രൂപ. സര്‍ക്കാര്‍കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇത്തവണ പുഞ്ചകൃഷിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വരെ കര്‍ഷകര്‍ ആലോചിച്ചു തുടങ്ങി. കുടാതെ പുഞ്ചകൃഷിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 31 വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.