പീതസമുദ്രമായി ശിവഗിരി; തീര്‍ത്ഥാടനത്തിന് തുടക്കം

Thursday 31 December 2015 2:08 am IST

വര്‍ക്കല: സനാതന ധര്‍മത്തിന്റെ പുണ്യസങ്കേതത്തെ പീതക്കടലാക്കി 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ രാവിലെ ഏഴിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തി. സംസ്ഥാനത്തിനകത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ആദ്യദിനം തന്നെ ശിവഗിരിയിലത്തി. ഗുരുദേവന്റെ സമാധികൊണ്ട് പവിത്രമായ ശിവഗിരിക്കുന്നില്‍ പുലര്‍ച്ചെ 5ന് ആരംഭിച്ച തിരക്ക് രാത്രി വൈകിയും തുടരുകയാണ്. ശാദരാമഠത്തിലും പര്‍ണശാലയിലും പ്രാര്‍ത്ഥിച്ച ഭക്തജനങ്ങള്‍ ഗുരുവിന്റെ പാദസ്പര്‍ശമേറ്റ മണല്‍ത്തറയില്‍ വിശ്രമിച്ച് ഗുരുദേവകൃതികള്‍ ഉരുവിട്ടും അന്തരീക്ഷത്തെ ഭക്തിനിര്‍ഭരമാക്കി. രാവിലെ 10.40ന്  യുപിഎ അധ്യക്ഷ സോണിയയാണ് തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ശ്രീലങ്കന്‍ മന്ത്രി മനോഗണേഷന്‍ ഗുരുവിന്റെ സിലോണ്‍ സന്ദര്‍ശനത്തിന്റെ ചരിത്ര സ്മരണകള്‍ പങ്കുവെച്ചു. ശ്രീലങ്കയുമായി കേരളത്തിനും ഭാരതത്തിനുമുള്ള ബന്ധം പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യക്തമാണ്. എന്നാല്‍ നാരായണഗുരുവിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് 2018ല്‍ നൂറുവര്‍ഷം തികയുന്ന കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. 2018ല്‍ ഗുരുവിന്റെ സന്ദര്‍ശന ശതാബ്ദി ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി വി.എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു.  മന്ത്രി കെ.ബാബു,ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍, എ. സമ്പത്ത് എംപി, വര്‍ക്കല കഹാര്‍ എംഎല്‍എ യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി, ജോസ് കെ. മാണി എംപി, ഗോകുലം ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എംഇഎസ് ചെയര്‍മാന്‍ പി.എ. ഫസല്‍ ഗഫൂര്‍, കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബി. അശോക്, ധര്‍മ്മസംഘം ട്രെസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ,ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ  എന്നിവര്‍ സംസാരിച്ചു. ശിവഗിരി തീര്‍ത്ഥാനടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടക ഘോഷയാത്ര ഇന്ന് നടക്കും. പുലര്‍ച്ച അഞ്ചിന് മഹാസമാധി മന്ദിരത്തില്‍ നിന്ന് പുറപ്പെട്ട് വര്‍ക്കലയുടെ പ്രാന്തപ്രദേശങ്ങള്‍ ചുറ്റി റെയില്‍വെ സ്റ്റേഷന്‍ വഴി തിരികെ ശിവഗിരിയിലെത്തി സമാപിക്കും. തീര്‍ത്ഥാടക സമ്മേളനമാണ് ഇന്നത്തെ മുഖ്യ പരിപാടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.