കേരളയാത്ര ജനുവരി 20 മുതല്‍

Thursday 31 December 2015 2:14 am IST

തിരുവനന്തപുരം: ബലിദാനികളുടെയും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ത്യാഗികളുടെയും സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യമര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍ ഔദ്യോഗികമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുത്തു. തിരുവനന്തപുരത്ത് പ്രിയദര്‍ശനി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് കുമ്മനം  അധ്യക്ഷ പദവി ഏറ്റെടുത്തത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന്‍വെടിഞ്ഞവരെയും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിട്ടും ആദര്‍ശത്തിനായി ജീവിക്കുന്നവരെയും സദാസ്മരിച്ചുകൊണ്ടുവേണം ബിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബലിദാനികളുടെയും ത്യാഗികളുടെയും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തകര്‍ കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധികളില്‍ പതറാതെ സംഘടനയെ നയിച്ച മാരാര്‍ജിയെ പോലുള്ളവരുടെ ജീവിതം നമുക്ക് മാര്‍ഗദര്‍ശകമാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വ്യക്തിനിഷ്ഠമായ സ്ഥാനമല്ല. എല്ലാവര്‍ക്കും വേണ്ടി ആ ചുമതല ഏറ്റെടുക്കുകയാണ് താന്‍ ചെയ്തത്. ജനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുക, ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒറ്റക്കെട്ടായി നാം പരിശ്രമിക്കണം.  അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നവോത്ഥാനം ബിജെപിയിലൂടെ സാധ്യമാകുമെന്ന് ജനം വിശ്വസിക്കുന്നു. അവരുടെ രക്ഷയ്ക്കായി മറ്റാരുമില്ല. ഹൃദയം തുറന്ന് ജനം ബിജെപിയെ സ്വീകരിച്ചിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ചവിട്ടിമെതിച്ച് കുളം തോണ്ടിയ കേരളത്തെ രക്ഷിക്കാന്‍ ബിജെപിയുടെ കൈവശം സമഗ്രമായ കര്‍മപദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി കേരള യാത്രയ്ക്ക് ഒരുങ്ങുന്നു. ജനുവരി 20ന് മഞ്ചേശ്വരത്തു നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. 140 നിയോജക മണ്ഡലങ്ങളിലും യാത്രയോടനുബന്ധിച്ച് പൊതുപരിപാടി സംഘടിപ്പിക്കും. പുതുതായി തെരഞ്ഞെടുത്ത അധ്യക്ഷന് നല്‍കുന്ന സ്വീകരണം കൂടിയായിരിക്കും യാത്ര. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം യാത്രയ്ക്ക് പൂര്‍ണരൂപം നല്‍കി. വൈസ് പ്രസിഡന്റ് എം.ടി. രമേശാണ് യാത്രയുടെ മുഖ്യസംയോജകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.