ബസ് സര്‍വീസ് നിര്‍ത്തലാക്കി; യാത്രക്കാര്‍ പെരുവഴിയില്‍

Thursday 31 December 2015 11:10 am IST

പത്തനാപുരം: പട്ടാഴി സ്‌റ്റേ ബസ് സര്‍വീസ് നിര്‍ത്തലാക്കിയിട്ട് മൂന്ന് മാസം പിന്നിടുന്നു. യാത്രാക്ലേശം രൂക്ഷമായതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് ഏറെ ദുരിതത്തിലായത്. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാത്രി 9.30 ക്ക് പുറപ്പെട്ട് 10ന് പട്ടാഴിയിലെത്തി അടുത്തദിവസം രാവിലെ 5.30ന് തിരികെ പത്തനാപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. രാത്രി ഏഴരക്കുളള സര്‍വീസ് കഴിഞ്ഞാല്‍ പിന്നെ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ഗ്രാമീണ മേഖലയിലേക്കുള്ള രാത്രി സര്‍വീസായിരുന്നു നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി നടത്തിവന്ന സര്‍വീസ് യാതൊരു കാരണവുമില്ലാതെ നിര്‍ത്തലാക്കിയതോടെ പുളിവിള, പന്തപ്ലാവ്, പട്ടാഴി, ആറാട്ടുപുഴ, കന്നിമേല്‍ തുടങ്ങിയ ഗ്രാമീണമേഖലയിലെ യാത്രക്കാര്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. രാത്രിയില്‍ പത്തനാപുരത്ത് എത്തുന്നവരും പുലര്‍ച്ചെ പത്തനാപുരത്ത് എത്തി തലസ്ഥാനത്തേക്കും ജില്ലാ ആസ്ഥാനത്തേക്കും മറ്റും പോകേണ്ടവരും ഇപ്പോള്‍ ഓട്ടോക്കും ടാക്‌സിക്കും അമിതകൂലി നല്‍കേണ്ട സ്ഥിതിയിലാണ്. പലതവണ കെഎസ്ആര്‍ടിസി അധികൃതര്‍ക്കും മേഖലയിലെ ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും എടുക്കാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നത്. പത്തനാപുരം റൂട്ടിലെ ഏറ്റവും കൂടുതല്‍ ലാഭകരമായ സര്‍വീസായിരുന്നു ഇത്. സമയക്രമം പാലിക്കാതെയും പലപ്പോഴും സര്‍വീസ് മുടക്കിയും തുടങ്ങിയതോടെ ഈ സര്‍വീസ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ ശ്രമമാണെന്ന് നാട്ടുകാര്‍ ജനപ്രതിനിധികളെ പരാതിയായി അറിയിച്ചെങ്കിലും ഇവര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെ രാത്രിയില്‍ ജീവനക്കാര്‍ക്ക് പട്ടാഴിയില്‍ കിടക്കുന്നതിന് സൗകര്യമില്ലാത്തതാണ് സര്‍വീസ് നിര്‍ത്തുവാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. എന്നാല്‍ മേഖലയില്‍ ഗതാഗത പ്രശ്‌നം രൂക്ഷമായിട്ടും പഞ്ചായത്തധികൃതര്‍ മൗനം പാലിക്കുകയാണ്. മണ്ഡലക്കാലം ആരംഭിച്ചതോടെ തീര്‍ത്ഥാടകരും ദുരിതത്തിലാകുന്നുണ്ട്. സ്‌റ്റേ ബസിന് പുറമെ പട്ടാഴി-പമ്പ സര്‍വ്വീസും നിര്‍ത്തിലാക്കി. ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.ല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.