തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

Sunday 3 July 2011 1:06 pm IST

തായ്‌പെയ്: തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി അഭിസിത് വെജാജിബോയുടെ ഡെമൊക്രറ്റിക് പാര്‍ട്ടിയും പ്രതിപക്ഷമായ ഫൂത്തായി പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍. 500 അംഗ പാര്‍ലമെന്റിലെ 375 ജനറല്‍ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ലഭിക്കുന്ന സീറ്റുകളുടെ അനുപാതികമായ 125 പേരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കും. കഴിഞ്ഞ വര്‍ഷം 91 പേരുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തായ്‌ലന്റില്‍ ഒരുക്കിയിട്ടുള്ളത്. 1,70,000 പോലീസുകാരെയാണ് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തഷ്കിന്‍ ഷിനോപാത്രയുടെ സഹോദരി ഇ ലുക് നേതൃത്വം നല്‍കുന്ന ഫുത്തായി പാര്‍ട്ടിക്കാണ് നിരീക്ഷകര്‍ സാധ്യത കല്‍‌പ്പിക്കുന്നത്. ഷിനോപാത്രയുടെ സംഘടനയായ ചെങ്കുപ്പായകാരുടെ പിന്തുണയും ഫുത്തായി പര്‍ട്ടിക്കുണ്ട്. സാധാരണക്കാരിലും ദരിദ്ര വിഭാഗക്കാരിലുമാണ് ഫുത്തായി പാര്‍ട്ടിയുടെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം രാജ്യത്തു നിലനില്‍ക്കുന്നുണ്ടെങ്കിലും സമ്പന്നരുടെയും പട്ടാളത്തിന്റെയും പിന്തുണ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ പ്രതീക്ഷ. സഹോദരിയെ മുന്‍നിര്‍ത്തി തഷ്കിന്‍ ഭരണം പിടിക്കാനാണു ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നു.