മകരസംക്രമ പൂജ 15ന് പുലര്‍ച്ചെ 1.29 ന്

Thursday 31 December 2015 7:54 pm IST

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള മകരജ്യോതിയും മകരസംക്രമ പൂജയും 15ന് നടക്കും.സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരംരാശിയിലേക്ക് കടക്കുന്ന 15ന് പുലര്‍ച്ചെ 1.29 സംക്രമപൂജ. ഈസമയം തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേകദൂതന്‍ വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 15ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും.കിഴക്ക ആകാശനീലിമയില്‍ മകരനക്ഷത്രം ഉദിക്കും. കിഴക്കെ ചക്രവാളത്തില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.മകരവിളക്കിന് മുന്നോടിയായുളള ശുദ്ധിക്രീയകള്‍ 13ന് ആരംഭിക്കും.13ന് പ്രാസാദശുദ്ധിയും14ന് ബിംബശുദ്ധി ക്രീയകളുമാണ് നടക്കുക.പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പ്രാസാദശുദ്ധിക്രീയകള്‍ നടക്കുക. പ്രാസാദശുദ്ധിക്രീയകളുടെ ഭാഗമായി ഗണപതിപൂജ,രാക്ഷോഹ്‌നഹോമം, വാസ്തുഹോമം,വാസ്തുബലി, വാസ്തുകലശം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവയുണ്ടാകും. ബിംബശുദ്ധി ക്രീയകളുടെ ഭാഗമായി ചതുര്‍ശുദ്ധി,ധാര,പഞ്ചഗവ്യം,പഞ്ചകം എന്നിവയുണ്ടാകും. 15ന് വൈകിട്ട് 5ന് ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വംഎക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍.രേണുഗോപാല്‍, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ കെ.സോമശേഖരന്‍ നായര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ രതീന്ദ്രന്‍,അസിസ്‌ററന്റ് എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. വൈകിട്ട് 6.15ന് പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരചുവട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലക്യഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, പി.കെ.കുമാരന്‍,സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും . തന്ത്രികണ്ഠര് മഹേഷ്‌മോഹനരും മേല്‍ശാന്തി എസ്.ഇ ശങ്കരന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏററുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും.ഈസമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.