കൊച്ചാര്‍ ബണ്ടുനിര്‍മ്മാണം: ഉന്നതതല അന്വേഷണം വേണം

Thursday 31 December 2015 8:10 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ കൊച്ചാര്‍ ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കി കളയുന്നതിനുവേണ്ടി കൊച്ചാര്‍ തുറക്കാനായി റാണി, ചിത്തിര, സി,ഡി ബ്ലോക്കുകളിലായി നാലു കിലോമീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച കൊച്ചാര്‍ പുറംബണ്ട് പൂര്‍ണമായും തകര്‍ന്നാല്‍ പതിനായിരക്കണക്കിന് ഏക്കര്‍ പാടശേഖരം വെള്ളംകയറി നശിക്കുകയും കുട്ടനാടന്‍ കര്‍ഷകര്‍ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്യും. പുറംബണ്ട് പൈലും സ്ലാബുമിട്ട് നിര്‍മ്മിച്ചപ്പോള്‍ ആഴത്തില്‍ പൈലടിക്കാത്തതുമൂലമാണ് പെട്ടെന്നുണ്ടായ തകര്‍ച്ചയ്ക്കു കാരണമെന്ന് കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. കൊച്ചാര്‍ പുറംബണ്ട് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി കേടുപാടുകല്‍ തീര്‍ക്കുക, ബണ്ട് സുരക്ഷിതമായി പുനര്‍നിര്‍മ്മിക്കുക, കുട്ടനാട് പാക്കേജിന്റെ ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കുട്ടനാട് പ്രോസ്പിരിറ്റി കൗണ്‍സില്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.