പ്രധാന മന്ത്രി ആവാസ് യോജന വഴി സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണത്തിന് കല്‍പ്പറ്റ നഗരസഭ

Thursday 31 December 2015 8:13 pm IST

കല്‍പ്പറ്റ : ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ല്‍ രാജ്യത്തെ ഏവര്‍ക്കും ഭവനം എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും ചേര്‍ന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുമായി കല്‍പ്പറ്റ നഗരസഭയും കൈകോര്‍ക്കുന്നതായി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, പി.പി.ആലി, എ.പി.ഹമീദ്, അര്‍ബന്‍ ഹൗസിംഗ് മിഷന്‍ ഡെപ്യൂട്ടി മനേജര്‍ ടി.ബിജു തുടങ്ങിയവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നോഡല്‍ പരിപാടിയുടെ വിജയത്തിനായി വിവിധ പരിശീലനപരിപാടികള്‍ പൂര്‍ത്തിയാക്കി. നഗരസഭയിലെ മുഴുവന്‍ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളായി. ചേരി വികസനം, ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി, അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീം, വ്യക്തിഗത ഭവനനിര്‍മ്മാണം തുടങ്ങിയ നാല് പദ്ധതി വഴിയാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ഭവനപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍വെയര്‍മാരെ കണ്ടെത്തി അവര്‍ക്ക് വിപുലമായ പരിശീലനം നഗരസഭ നല്‍കിയിട്ടുണ്ട്. കരട് ഗുണഭോക്തൃപട്ടികയും കുടുംബശ്രീ വാര്‍ഡ്തലത്തില്‍ തയ്യാറാക്കികഴിഞ്ഞു. ഇതില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തികഴിഞ്ഞു. 300 ആളുകള്‍ താമസിക്കുന്ന 60 മുതല്‍ 70 വരെ കുടുംബങ്ങളുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കലാണ് ചേരിവികസന പദ്ധതി വഴി ലക്ഷ്യമിടുന്നത്. സ്വകാര്യപങ്കാളിത്തത്തോടെയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുക. ഇതിന് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് ലഭിക്കും. പദ്ധതി പൂര്‍ത്തീകരണംവരെ ചേരിനിവാസികളെ മാറ്റിപാര്‍പ്പിക്കേണ്ട ഉത്തരവാദിത്വം സ്വകാര്യപങ്കാളിക്കാണ്.
   താഴ്ന്ന വരുമാനക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ഭവന വായ്പയില്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക് സബ്‌സിഡി. മൂന്ന് ലക്ഷം രൂപ വരുമാനമുള്ളവര്‍ക്കും ആറ് ലക്ഷം രൂപ വരുമാനമുള്ളവര്‍ക്കും പദ്ധതി വഴി 30-60 ച.മീ. കെട്ടിടം നിര്‍മ്മിക്കാം. ബാങ്ക് പലിശയില്‍നിന്ന് ആറര ശതമാനം കുറച്ച് ആറ് ലക്ഷം രൂപ വരെ 15 വര്‍ഷക്കാലത്തേക്ക് വായ്പ ലഭിക്കും. നിലവിലുള്ള വീടിന് മുറികള്‍ കൂട്ടുന്നതിനും ബാത്ത്‌റൂം നിര്‍മ്മിക്കുന്നതിനും പദ്ധതി വഴി വായ്പ ലഭിക്കും.
   കുറഞ്ഞ നിരക്കില്‍ വീടുകള്‍ സ്വകാര്യസംരംഭകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീം. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്ന സ്വകാര്യസംരംഭകന് പ്രത്യേക ആനുകൂല്യങ്ങളും ഒരു കെട്ടിടത്തിന് ഒന്നര ലക്ഷം രൂപ നിരക്കില്‍ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സ്വന്തമായി സ്ഥലം ഇല്ലാത്ത ഗുണഭോക്താക്കളെയാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി ആനുകൂല്യം സ്വകാര്യ സംരംഭകന് ലഭിക്കുന്നതിന് ആകെ വീടുകളുടെ 35 ശതമാനമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് നല്‍കണം.
 സ്വന്തമായി സ്ഥലമുള്ള കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഒന്നരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വ്യക്തിഗത ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭകളുടെയും വിഹിതം കൂടിയാകുമ്പേള്‍ ധനസഹായം രണ്ട് ലക്ഷം ലഭിക്കും. മുഴുവന്‍ പദ്ധതിയുടെയും നടത്തിപ്പ് ചുമതല പിഎംഎവൈ നോഡല്‍ ഏജന്‍സിയായ അര്‍ബന്‍ ഹൗസിംഗ് മിഷനാണ്. രാജ്യത്ത് ഒരുഭാഗത്തും വീടില്ലാത്ത ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം.
    പത്രസമ്മേളനത്തില്‍ നഗരസഭാ ക്ഷേമകാര്യ അദ്ധ്യക്ഷന്‍മാരായ ഒ.സരോജിനി, കെ.അജിത, സനിത ജഗതീഷ് എന്നിവരും  പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.