സേനാംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് നിയന്ത്രണം

Thursday 31 December 2015 9:38 pm IST

തിരുവനന്തപുരം: പോലീസ് സേനാംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് സംബന്ധിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.സേനാംഗങ്ങളുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ പാടില്ല. വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കരുത്. യൂണിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂണിറ്റിന്റെ പേരില്‍ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈലുകളോ പേജുകളോ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കായി ഔദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ്‌വര്‍ക്കുകളോ ഉപയോഗിക്കരുത്. കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, അന്വേഷണ സംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഒരു കാരണവശാലും സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റു വ്യക്തികളെയോ ഏതെങ്കിലും മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാനോ അത്തരത്തില്‍ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകള്‍ അയച്ചു കൊടുക്കുവാനോ ഷെയര്‍ ചെയ്യുവാനോ പാടില്ല. രാഷ്ട്രീയ ചായ്‌വുളള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാനോ അയച്ചു കൊടുക്കുവാനോ ഷെയര്‍ ചെയ്യുവാനോ കമന്റ് ചെയ്യുവാനോ ലൈക്ക് ചെയ്യുവാനോ പാടില്ല. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന വകുപ്പുതല അച്ചടക്ക നടപടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.