വിജയന്‍ വീണ്ടുമെത്തി കരവിരുതിന്റെ കാണിക്കയുമായി

Saturday 20 May 2017 7:38 am IST

സന്നിധാനത്ത് കാഴ്ചവെക്കാനുള്ള ശില്‍പ്പങ്ങളുമായി പാരൂകുഴി വിജയന്‍

ശബരിമല: എറണാകുളം സ്വദേശി പാരൂകുഴി വിജയന്‍ സ്വാമിയുടെ മലകയറ്റം ഇത് രണ്ടരപതിറ്റാണ്ടിലേക്ക് കടക്കുകയാണ്. ഓരോതവണ മലചവുട്ടുമ്പോഴും ഇരുമുടികെട്ടിനൊപ്പം നിരവധി ശില്‍പ്പങ്ങളുമുണ്ടാവും. അവ അയ്യപ്പസ്വാമിക്കു സമര്‍പ്പിക്കും. ആനുകാലിക വിഷയങ്ങളിലുള്ള ആവിഷ്‌കാരണങ്ങളായിരിക്കും ശില്‍പ്പങ്ങള്‍.

മുല്ലപെരിയാര്‍,പരിസ്ഥിതി,സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അങ്ങനെ വിജയന്റെ സര്‍ഗ്ഗവൈഭത്തിന് പ്രമേയമാകാത്തെ വിഷയങ്ങള്‍ കുറവാണ്. മുല്ലപെരിയാര്‍വിഷയത്തിലുള്ള ആശങ്കകളും അഭ്യൂഹങ്ങളും പ്രമേയമാക്കിയ ശില്‍പ്പമാണ് ഇത്തവണ ശ്രദ്ധേയമായത്. ഇരുസംസ്ഥാനങ്ങള്‍ക്കും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ വിജയന്‍ ശില്‍പ്പങ്ങളിലൂടെ ചര്‍ച്ചചെയ്യുന്നു. ഈ ശില്‍പ്പം സന്നിധാനത്തെ ശ്രീകോവിലിനുമുന്നില്‍ സമര്‍പ്പിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വിഷയമാക്കിയ ശില്‍പ്പം അയ്യപ്പസ്വാമിക്കും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രമേയമായ ശില്‍പ്പം മാളികപുറത്തും സമര്‍പ്പിച്ചു.

എറണാകുളം നായരമ്പലം സ്വദേശിയായ ഇദ്ദേഹം 1994 ജോലി രാജിവെച്ചാണ് ശില്‍പ്പ നിര്‍മ്മാണത്തിലേക്ക് പൂര്‍ണമായി ഇറങ്ങിതിരിച്ചത്. ഇദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശില്‍പ്പകലയ്ക്ക് പുറമെ വാസ്തു, ജ്യോതിഷം എന്നിവയിലും വിദഗ്ദ്ധനായ ഇദ്ദേഹം ഇന്നലെ വൈകിട്ടോടെ പന്തളം രാജാവിന് സമര്‍പ്പിക്കാനുള്ള ശില്‍പ്പവുമായി സന്നിധാനത്ത് നിന്ന് യാത്രയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.