മെട്രോ പദ്ധതി പാളംതെറ്റുന്നു

Friday 30 December 2011 9:07 pm IST

കൊച്ചി മെട്രോ റെയില്‍ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴുകയാണ്‌. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകും എന്ന വിശ്വാസം ജനങ്ങളിലുണര്‍ത്തിയത്‌ ദല്‍ഹി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കിയ ഇ. ശ്രീധരന്‍ കൊച്ചി മെട്രോ റെയിലിന്റെയും ചുമതല ഏറ്റെടുത്തു എന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു. ദല്‍ഹി മെട്രോ റെയില്‍ കമ്പനിക്ക്‌ (ഡിഎംആര്‍സി) പൂര്‍ണ നിയന്ത്രണം നല്‍കി ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്‌.
ഇപ്പോള്‍ ഡിഎംആര്‍സി ഓഫീസ്‌ അടച്ചുപൂട്ടിക്കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കമ്പനി സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയതോടെ ദല്‍ഹി മെട്രോ റെയില്‍ കമ്പനിയും ഇ. ശ്രീധരനും കൊച്ചി മെട്രോ റെയിലുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ്‌. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയാല്‍ എഞ്ചിനീയര്‍മാര്‍ക്ക്‌ നിര്‍മാണ വൈദഗ്ധ്യം ലഭിക്കില്ല എന്ന വാദഗതി ഉയര്‍ത്തിയാണ്‌ കെഎംആര്‍എല്‍ സ്വന്തം നിലയില്‍ പണി പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇപ്പോള്‍ നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരുവശവുമുള്ള പാലങ്ങള്‍ പൊളിച്ചുനീക്കപ്പെട്ടുകഴിഞ്ഞു. 150 കോടി രൂപ മുടക്കിയുള്ള സലിം രാജന്‍ മേല്‍പ്പാല നിര്‍മാണവും അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്‌. ഇതിനുവേണ്ടി കൂടുതല്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പദ്ധതി വൈകുന്ന ഓരോ ദിവസവും കമ്പനിക്ക്‌ 30 ലക്ഷം രൂപ നഷ്ടം നേരിടേണ്ടിവരും. ഡിഎംആര്‍സി ടെന്‍ഡര്‍ വിളിയില്‍ പങ്കെടുക്കാന്‍ പോലും വിസമ്മതിച്ചിരിക്കുകയാണ്‌.
ഡിഎംആര്‍സി പങ്കാളിത്തമില്ലെങ്കില്‍ ഇ. ശ്രീധരനും പങ്കെടുക്കില്ല. പക്ഷെ കെഎംആര്‍എല്‍ ഡയറക്ടര്‍ ടോം ജോസ്‌ പറയുന്നത്‌ പദ്ധതിക്ക്‌ കേന്ദ്ര അനുമതി ലഭ്യമായാല്‍ മുമ്പോട്ടുപോകാന്‍ തടസങ്ങളില്ലെന്നും കര്‍മപദ്ധതി തയ്യാറാണെന്നും നാല്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നുമാണ്‌. പ്രോജക്ട്‌ മോണിറ്ററിംഗ്‌ ആന്റ്‌ അപ്രൂവല്‍ വിഭാഗത്തിന്റെ ശുപാര്‍ശ പ്ലാനിംഗ്‌ ആന്റ്‌ അപ്രൂവല്‍ ബോര്‍ഡിന്‌ നല്‍കിക്കഴിഞ്ഞുവെന്നും കേന്ദ്രാനുമതി ലഭിച്ചശേഷം കണ്‍സള്‍ട്ടന്‍സി നിയമനം നടത്തി ടെന്‍ഡര്‍ നടപടി തുടങ്ങുമെന്നും ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നുമാണ്‌ ടോം ജോസ്‌ പറയുന്നത്‌. ഡിഎംആര്‍സിയുടെ റോള്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ മാത്രമായി ഒതുക്കിയിരിക്കുന്നു. ഇപ്പോള്‍ ദല്‍ഹി മെട്രോ മോഡലിലല്ല ചെന്നൈ മെട്രോ മോഡലില്‍ എട്ട്‌ മാസംകൊണ്ട്‌ പൂര്‍ത്തീകരിക്കുമെന്നാണ്‌ പ്രഖ്യാപനം. പക്ഷെ ഡിഎംആര്‍സിയും കേരള മെട്രോ റെയില്‍ കമ്പനിയുമായി ഉരുത്തിരിഞ്ഞിരിക്കുന്ന തര്‍ക്കം ശുഭോദര്‍ക്കമായി കരുതപ്പെടുന്നില്ല. കൊച്ചി മെട്രോ പദ്ധതിയുടെ 5146 കോടിയുടെ ബജറ്റിന്‌ കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്‌. 2005 ല്‍ രൂപം നല്‍കിയപ്പോള്‍ ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്‌ 1966 കോടിയായിരുന്നതാണ്‌ 2011 ല്‍ 5146 കോടിയായത്‌. 2005 ല്‍ ഇത്‌ നാലുവര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോ റെയില്‍ 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്‌. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇ. ശ്രീധരനും കെഎംആര്‍എല്ലില്‍നിന്ന്‌ പിന്‍വാങ്ങിയ സ്ഥിതിക്ക്‌ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്ക വീണ്ടും ഉയരുകയാണ്‌.
പദ്ധതി നടക്കാതെ പോയാല്‍ ഇന്ന്‌ വാഹനപ്പെരുപ്പം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക്‌ തിരിച്ചടിയാകും എന്നുറപ്പാണ്‌. ഡിഎംആര്‍സിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ സുതാര്യതയോടെ, രാഷ്ട്രീയ ഇടപെടലോ സാമ്പത്തിക ക്രമക്കേടുകളോ ഉണ്ടാകാതെ നടപ്പാക്കാനായിരുന്നു ഇ. ശ്രീധരന്‍ ലക്ഷ്യമിട്ടത്‌. ദല്‍ഹി മെട്രോ നടപ്പാക്കിയത്‌ ഈവിധമായിരുന്നു. ഡിഎംആര്‍സി അഞ്ച്‌ ഘട്ടമായിട്ടാണ്‌ പദ്ധതി വിഭാവനം ചെയ്തത്‌. പ്രാഥമികഘട്ടം, നിര്‍മാണം, എറണാകുളം നോര്‍ത്ത്‌ കെഎസ്‌ആര്‍ടിസി, ബാനര്‍ജി റോഡ്‌ വിസ്താരം കൂട്ടല്‍, എംജി റോഡ്‌ വികസനം എല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റൊരു സഞ്ചാരരീതി, പാരിസ്ഥിതിക സൗഹൃദം, സുരക്ഷ, ചെലവ്‌ കുറവ്‌, കണക്റ്റിവിറ്റി, കൂടുതല്‍ റോഡ്‌ സൗകര്യം മുതലായവ ഇതിന്റെ ഫലമായി ലഭ്യമാകുമായിരുന്നു. മെട്രോ റെയില്‍ കൊച്ചിയുടെ വികസനാവശ്യങ്ങള്‍ക്ക്‌ അനിവാര്യമാണ്‌. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ 15 ശതമാനം ഓഹരിയും 11 ശതമാനം കടവും 51 ശതമാനം ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയുടെ വായ്പയും ഉള്‍പ്പെട്ടതായിരുന്നു പദ്ധതി. ഇ. ശ്രീധരന്‍ ചുമതല ഒഴിഞ്ഞ സ്ഥിതിക്ക്‌ ഇനി മെട്രോ റെയിലിന്റെ ഭാവി എന്ത്‌ എന്ന ആശങ്കയാണ്‌ എറണാകുളം നിവാസികള്‍ക്കുള്ളത്‌. പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും പ്രശ്നങ്ങളെ അതിജീവിക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെടുമ്പോള്‍ ഇ. ശ്രീധരന്റെ ഉപദേശപ്രകാരം മാത്രം പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകുമെന്നാണ്‌ മുഖ്യമന്ത്രി ഉറപ്പുതരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.