തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ശനിദോഷ നിവാരണത്തിന് എള്ളുതിരി

Thursday 31 December 2015 10:48 pm IST

കാലടി: സര്‍വ്വദോഷ പരിഹാരത്തിനായി ശ്രീധര്‍മ്മശാസ്താവിന്റെ നടയില്‍ എള്ളുതിരി കത്തിച്ച് അനുഗ്രഹം തേടി ഭക്തര്‍ മടങ്ങുന്നു. ഉമാമഹേശ്വര ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ഉപദേവതയായ ശാസ്താവിന്റെ നടയിലാണ് എള്ളുതിരി വഴിപാട് നടത്തുന്നത്. ശനിദോഷം മാറ്റുന്നതിന് ശ്രീധര്‍മ്മശാസ്താവിന് എള്ളുതിരി കത്തിച്ച് നാളികേരം ഉടക്കണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. നടതുറപ്പ് വേളയില്‍ പ്രതിദിനം പതിനായിരത്തോളം പേരാണ് വഴിപാട് നടത്തുന്നത്. ക്ഷേത്രത്തിലേക്കാവശ്യമായ എള്ളുതിരികള്‍ തയ്യാറാക്കി നല്‍കുന്നത് തിരുവൈരാണിക്കുളം ദേശവാസികളാണ്. ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന എള്ള് ശുദ്ധിവരുത്തിയ തുണികിറ്റുകളില്‍ പൊതിഞ്ഞ് തിരിയാക്കി തിരിച്ച് നല്‍കും. നടതുറപ്പ് മഹോത്സവത്തിന് ഒരുമാസം മുമ്പുതന്നെ ക്ഷേത്രപരിസരത്തെ ഹൈന്ദവകുടുംബങ്ങളില്‍ വ്രതശുദ്ധിയോടെ സ്ത്രീകള്‍ എള്ളുതിരി തയ്യാറാക്കുന്ന തിരക്കിലായിരിക്കും. ഒന്നര ലക്ഷത്തോളം എള്ളുതിരികളാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായിവരുന്നത്. നടതുറപ്പുത്‌സവം ഏഴ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്‍പത് ലക്ഷത്തോളം പേര്‍ ദര്‍ശനം നടത്തിയതായാണ് കണക്ക്. കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, ഭരതനാട്യനര്‍ത്തകി ദീപിക റെഡ്ഡി, ബാലതാരം ഗൗതം മേനോന്‍ എന്നിവര്‍ ക്ഷേത്രദര്‍ശനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.