മദ്യനിരോധനം പൂര്‍ണമായും നടപ്പിലാക്കും: മുഖ്യമന്ത്രി

Friday 1 January 2016 12:24 pm IST

വിവാഹ പത്രികയുടെ ആദ്യ ബുക്കിന്റെ വിതരണോദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍
തീര്‍ഥാടനകമ്മിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ കിളിമാനൂര്‍ ചന്ദ്രബാബുവിന് നല്‍കി നിര്‍വഹിക്കുന്നു

വര്‍ക്കല: അധികാരം കിട്ടിയാല്‍ ആദ്യം മദ്യം നിരോധിക്കണമെന്ന ഗാന്ധിജിയുടെ ആഗ്രഹത്തോടും മദ്യം വിഷമാണെന്ന് ശ്രീനാരായണ ഗുരുവിന്റെ താക്കീതിനോടും നീതി പുലര്‍ത്താനായതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയതില്‍ അഭിമാനമുണ്ട്. മദ്യലഭ്യത കുറച്ചുകൊണ്ട് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 83-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന തീര്‍ഥാടകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി നിലനിന്ന ദുരാചാരങ്ങളെല്ലാം തിരുത്തിക്കൊണ്ടാണ് ഗുരു കേരളത്തെ ശരിയായ പാതയിലേക്ക് നയിച്ചത്. മദ്യത്തിനെതിരെയും സാമൂഹ്യതിന്മകള്‍ക്കെതിരെയും ഗുരു ഉപദേശിച്ച കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്്. സര്‍ക്കാരിന്റെ നടപടികള്‍ക്ക് സുപ്രീകോടതി വിധി കരുത്തുപകരുന്നു. ഗുരുവിന്റെ ദര്‍ശനങ്ങളും ജീവിതവും നിലനിര്‍ത്തിയുള്ള പഠന, ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. പുതുവര്‍ഷത്തില്‍ ആത്മപരിശോധനയ്ക്കും ആത്മവിമര്‍ശനത്തിനും എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ്, ഗോവ മന്ത്രി രാമകൃഷ്ണ സുധിന്‍ ദൗളിക്കര്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, ഡോ എ. സമ്പത്ത്, മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുരളീധരന്‍, ബിന്ദുഹരിദാസ്, എം.ഐ. ദാമോദരന്‍, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ശിവഗിരി മഠത്തില്‍ നിന്ന് സമുദായ അംഗങ്ങള്‍ക്ക് ഇനി വിവാഹപത്രികയും നല്‍കുന്നതിന് തുടക്കമായി. ശ്രീനാരായണ ധര്‍മസംഘത്തിന് കീഴിലുള്ള ഗുരുധര്‍മ പ്രചാരണസഭയുടെ വിവാഹ പത്രികയാണ് നല്‍കുക. പത്രികയുടെ പ്രകാശന കര്‍മം യോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ കിളിമാനൂര്‍ ചന്ദ്രബാബുവിന് നല്‍കി നിര്‍വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.