കാട്ടായിക്കോണത്ത് വന്‍സ്‌ഫോടക ശേഖരം പിടിച്ചു

Friday 1 January 2016 7:44 pm IST

കാട്ടായിക്കോണം കല്ലടിച്ചവിളയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍

പോത്തന്‍കോട്: കാട്ടായിക്കോണം കല്ലടിച്ചവിളയില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള വന്‍സ്‌ഫോടക ശേഖരം പോത്തന്‍കോട് പോലീസ് പിടിച്ചെടുത്തു.

കല്ലടിച്ചവിള സജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നുമാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. 500 ഡിറ്റണേറ്റര്‍, 200 ജലാറ്റിന്‍ സ്റ്റിക്ക്, 200 ഫ്യൂസ് വയര്‍, 50 കിലോ കരിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്.

കാട്ടായിക്കോണം അയിരൂപ്പാറ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാറക്വാറികളിലെ പാറപൊട്ടിക്കുന്നതിനു വേണ്ടിയാണ് ഇത്രയും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നു. ഈ പ്രദേശങ്ങളില്‍ അടുത്തകാലങ്ങളില്‍ പാറക്വാറികള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പാറക്വാറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.

കല്ലടിച്ചവിളയില്‍ രാവിലെ സ്‌ഫോടനശബ്ദം കേട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.

പോത്തന്‍കോട് എസ്‌ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തലുള്ള പോലീസ് സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഏതൊരു സുരക്ഷാമുന്‍കരുതലുമില്ലാതെ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബോംബ് സ്‌കോഡിനെ വിവരമറിയിച്ചിട്ടും വൈകിയും അവര്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.