തീര്‍ത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും

Thursday 31 December 2015 11:25 pm IST

വര്‍ക്കല: ആത്മജ്ഞാനത്തിന്റെ മഹാമന്ത്രങ്ങളാല്‍ ശിവഗിരിക്കുന്നുകളെ ഭക്തിസാന്ദ്രമാക്കിയ തീര്‍ത്ഥാടക ഘോഷയാത്രയോടെ തീര്‍ത്ഥാടനത്തിന്റെ രണ്ടാംദിനം. പുലര്‍ച്ചെ മഹാസമാധിയില്‍ നിന്നു പുറപ്പെട്ട ഘോഷയാത്രയ്ക്ക് ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നിലായി ഗുരുദേവ റിക്ഷയും തുടര്‍ന്ന് പീതാംബരധാരികളായ ആയിരക്കണക്കിന് ഭക്തരും സഞ്ചരിച്ചു. ദൈവദശകം ചൊല്ലിയും 'നാരായണ മൂര്‍ത്തേ... ഗുരു നാരായണ മൂര്‍ത്തേ..' ഉരുവിട്ടും ഗുരുദേവ ഭക്തര്‍ ശിവഗിരിയെയും പരിസരപ്രദേശങ്ങളെയും ആത്മീയ ചൈതന്യത്തിലെത്തിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് ബുധനാഴ്ച രാത്രിമുതല്‍ ശിവഗിരിയിലേക്ക് എത്തിയത്. തീര്‍ത്ഥാടന പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ടതായ ഘോഷയാത്ര വര്‍ക്കലയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോയപ്പോള്‍ വഴിയരികില്‍ നൂറുകണക്കിനാളുകള്‍ വരവേല്‍ക്കാന്‍ കാത്തുനിന്നു. രാവിലെ ഒമ്പത് മണിയോടെ ഘോഷയാത്ര തിരികെ മഹാസമാധിയിലെത്തിച്ചേര്‍ന്നു. ഇന്നലെ രാവിലെ തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉച്ചയ്ക്ക് നടന്ന വ്യാവസായിക സമ്മേളനം കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉദ്ഘാടനം ചെയ്തു. വൈകിട്ട് ശാസ്ത്ര, സാങ്കേതിക സമ്മേളനം മന്ത്രി ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ഒമ്പതിന് ശ്രീനാരായണ സംഗമം അണ്ണാ ഹസാരെ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ അധ്യക്ഷത വഹിക്കും. സാഹിത്യ സമ്മേളനം വി. മധുസൂദനന്‍ നായരും സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉദ്്ഘാടനം ചെയ്യുും. സമാപന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.