മാവേലിക്കര: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ഔദ്യോഗികമായി സ്ഥാനമേറ്റ ശേഷം കുമ്മനം രാജശേഖരന് ഇന്നലെ വിവിധ ആശ്രമങ്ങളും ശബരിമല വാവരുസ്വാമി കുടുംബ വീടും ബിഷപ്പ് ഹൗസും സന്ദര്‍ശിച്ചു.
ശാരദാ ജയന്തിയോടനുബന്ധിച്ച് കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിലാണ് അദ്ദേഹം ആദ്യം എത്തിയത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ശ്രീരാമകൃഷ്ണപരമഹംസരുടെയും, ശാരദാ ദേവിയുടെയും പോലെയുളള മഹദ് വ്യക്തികളുടെ ദര്‍ശനങ്ങള്‍ പരിഹാരമാണെന്ന് ആശ്രമ മഠാധിപതി സ്വാമി കൈവല്യാനന്ദയില് നിന്നും അനുഗ്രഹം വാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.
ഇവിടെ നിന്നും ആത്മബോധോദയ സംഘത്തിന്റെ സ്ഥാപകന്‍ ശുഭാനന്ദ ഗുരു ദേവന്റെ കൊറ്റാര്ക്കാവിലുള്ള മൂലസമാധി സന്നിധിയിലാണ് കുമ്മനം അടുത്തതായി എത്തിയത്. പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ശുഭാനന്ദാശ്രമത്തിലെത്തിയ കുമ്മനം രാജശേഖരനെ മഠാധിപതി ചിന്മയാന്ദജി തൃപ്പാദങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണന്, കേന്ദ്ര ഭരണ സമിതിയംഗങ്ങളായ സ്വാമി ത്യാഗാനന്ദ, സ്വാമി ആനന്ദതീര്‍ത്ഥര്‍, കെ.സുധാകരന്, എം.ജി. തങ്കപ്പന്, സ്വാമി വിവേകാനന്ദന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ എത്തിയ കുമ്മനം രാജശേഖരന് ആശ്രമാധിപതി സദാനന്ദ സിദ്ധ ഗുരുദേവനെ കണ്ട് അനുഗ്രഹം വാങ്ങി. അതിനുശേഷം സമാധിമണ്ഡപത്തിലും ആശ്രമത്തിലും എത്തി തൊഴുത് പ്രാര്‍ത്ഥിച്ചു. ആശ്രമം സെക്രട്ടറി ഗീതാനന്ദന്, സ്വാമിമാരായ ശുഭാനന്ദദാസ്, വിവേകാനന്ദന്, സത്ഗുണ ശീലന്‍, വേദാനന്ദന്, ധര്‍മ്മതീര്‍ത്ഥര്‍, ദേവാനന്ദന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ശബരിമല വാവരുസ്വാമികളുടെ കുടുംബത്തില്‍പ്പെട്ട പാവുക്കരയിലുള്ള പരേതനായ അബ്ദുള്‍ സലാം മുസ്ലിയാരുടെ വീട്ടിലെത്തി കുമ്മനം രാജശേഖരന് അനുഗ്രഹം വാങ്ങി. കുടുംബാംഗങ്ങളായ സംഹുദീര് ബീവി, സജീന, ഹലീമ, സിദ്ദിഖ് മുസ്ലിയാര് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ചെങ്ങന്നൂര്‍ ബഥേല്‍ അരമനയിലെത്തിയ കുമ്മനം രാജശഖരന്‍ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ സന്ദര്‍ശിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ അരമനയിലെത്തിയ അദ്ദേഹത്തെ തോമസ് മാര്അത്താനാസിയോസ് തിരുമേനി സ്വീകരിച്ചു. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.
നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ച തിരുമേനി മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ ക്കുറിച്ചും പെണ്‍കുട്ടികള്‍ക്കായുളള ബേഠി ബഛാവോ ബേഠീ പഠാവോ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി ചര്‍ച്ച നടത്തുവാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ് രാജന്, ബിജെപി കലാസാംസ്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ആലപ്പുഴ വൈസ്പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്, സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ജി. ജയദേവന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, രാജന് കണ്ണാട്ട് തുടങ്ങിയവര്‍ കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: