ഇരവിപേരൂര്‍: പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനത്ത് എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൃദ്യമായ വരവേല്‍പ്പ്. സഭയുടെ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര നഗറിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പിആര്‍ഡിഎസ് പ്രസിഡന്റ് വൈ.സദാശിവന് ബൊക്കെ നല്കി സ്വീകരിച്ചു. തുടര്‍ന്ന് പൊയ്കയില്‍ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലെത്തി കുമ്മനംരാജശേഖരന് പ്രാര്‍ത്ഥിച്ചു.
സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയും സാമൂഹിക സമത്വത്തിന് വേണ്ടിയും ജീവിതായുസ്സുമുഴുവന്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനെന്ന് കുമ്മനം രാജശേഖരന് അനുസ്മരിച്ചു. ഗുരുദേവന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
കുമാര ഗുരുദേവന്റെ പ്രവര്‍ത്തനംകൊണ്ട് ധന്യമായ തീര്‍ത്ഥ സ്ഥാനത്ത് എത്തി അനുഗ്രഹം വാങ്ങിവേണം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ആഗ്രഹം. നന്മകളുടെ പ്രകാശ ഗോപുരമായി പരിലസിക്കുന്ന പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനമന്ദിരത്തിലെത്താന് കഴിഞ്ഞത് സൗഭാഗ്യസന്ദായകമായ നിമിഷമാണ്. ഈ ഓര്‍മ്മകള്‍ ഒരു പ്രചോദനമായി തുടര്‍ന്നും ജ്വലിക്കട്ടെ എന്ന് അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് പിആര്‍ഡിഎസിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. സാമൂഹിക നവോത്ഥാനം എന്ന ശ്രീകുമാര ഗുരുദേവന്റേയും ആചാര്യ ശ്രേഷ്ഠന്മാരുടേയും സ്വപ്നം സാക്ഷാത്്കരിക്കുക എന്നതാണ് തന്റേയും ജീവിത ലക്ഷ്യം എന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
സഭാ പ്രസിഡന്റ് വൈ.സദാശിവത്തോടൊപ്പം ജോ.സെക്രട്ടറി കെ.ടി.വിജയന്, ഗുരുകുല ശ്രേഷ്ഠന് ഇ.ടി.രാമന്, ഉപശ്രേഷ്ഠന്മാരായ കെ.ആര്.സോമന്, എം.ഭാസ്ക്കരന്‍, ഹൈക്കൗണ്‍സില്‍ അംഗങ്ങളായ ടി.സുന്ദരം, ചന്ദ്രബാബു കൈനകരി, യുവജന സംഘം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ജോ.സെക്രട്ടറി അനീഷ് , മീഡിയാ കണ്‍വീനര്‍ വി.കെ.ചെല്ലകുമാര്‍ എന്നിവരുണ്ടായിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍, ട്രഷറാര്‍ പി.കെ ഗോപാലകൃഷ്ണന്‍നായര്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് അശോകന് കുളനട, ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാര്‍ വല്യൂഴത്തില്‍ എന്നിവരും നിരവധി പ്രവര്‍ത്തകരും സംസ്ഥാന പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: