റോഡ് ആംബുലന്‍സ് സംവിധാനം ജില്ലയില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

Friday 1 January 2016 10:12 pm IST

കല്‍പ്പറ്റ : തകര്‍ന്ന റോഡുകള്‍ അന്നന്ന് നന്നാക്കാനുള്ള റോഡ് ആംബുലന്‍സ് സംവിധാനം ജില്ലയില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡുകളിലെ കുണ്ടും കുഴിയും പെട്ടന്ന് നന്നാക്കാന്‍ സംവിധാനമില്ലാത്തത് കാരണം വാഹനഗതാഗതം ദുഷ്‌കരമാവുന്നു. രാജസ്ഥാനിലും ബീഹാറിലും നടപ്പിലാക്കിയ റോഡ് ആംബുലന്‍സ് സംവിധാനത്തിന്റെ മാതൃക നോക്കി നടപ്പിലാക്കാന്‍ നടപടി വേണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. രാജസ്ഥാനിലെ റോഡ് ആംബുലന്‍സ് മിനി ബസ് മാതൃകയിലുള്ള വാഹനമാണ്. ഇതില്‍ റോഡ് അറ്റകുറ്റപ്പണിക്കുള്ള മെറ്റല്‍, ടാര്‍, നിര്‍മാണ വസ്തുക്കള്‍, ഇവ ചൂടാക്കി യോജിപ്പിക്കുന്നതിനുള്ള യന്ത്രം എന്നിവയുണ്ടാവും. റോഡ് കട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് മഴക്കാലത്ത് പോലും റോഡ് നന്നാക്കാന്‍ റോഡ് ആംബുലന്‍സുകള്‍ വഴി കഴിയുന്നു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ കണിയാമ്പറ്റ-മീനങ്ങാടി, മാനന്തവാടി-പക്രന്തളം, മാനന്തവാടി-കല്‍പ്പറ്റ ഉള്‍പ്പെടെ വിവിധ റോഡുകള്‍ പ്രവൃത്തി നടത്തുന്നതിന് 38 പ്രവൃത്തികള്‍ ഇ-ടെന്‍ഡര്‍ നടത്തിയതില്‍ ആറ് പ്രവൃത്തികള്‍ക്ക് മാത്രമേ കരാറുകാര്‍ ദര്‍ഘാസ് സമര്‍പ്പിച്ചിരുന്നുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിച്ചപ്പോഴായിരുന്നു കലക്ടറുടെ നിര്‍ദേശം. ബാക്കി പ്രവൃത്തികള്‍ക്ക് പുനര്‍ദര്‍ഘാസ് ക്ഷണിച്ചിരിക്കുകയാണ്. മാനന്തവാടി-കല്‍പ്പറ്റ റോഡിന്റെ ടെന്‍ഡര്‍ എടുത്തതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡ് അടച്ചിട്ട് പണി നടത്തുന്ന മേപ്പാടി റോഡിന്റെ പ്രവൃത്തിക്ക് ജനുവരിയില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. കലുങ്ക് പ്രവൃത്തി നടക്കുന്നതിനാലാണ് മേപ്പാടി റോഡ് അടച്ചതെന്നും ജനുവരിയില്‍ അത് തീര്‍ക്കാന്‍ കഴിയുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണിയാമ്പറ്റ-മീനങ്ങാടി റോഡ് പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു. ഭരണാനുമതി ലഭിച്ച പനന്തറ, ചെറുപുഴ പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റുകള്‍ സാങ്കേതികാനുമതിക്കായി ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. മാനന്തവാടി നിയോജക മണ്ഡലത്തില്‍ അനുവദിച്ച അഞ്ച് കോടി രൂപയുടെ ഗ്രാമീണ റോഡ് പുനരുദ്ധവരണ പ്രവൃത്തികള്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ കാര്യാലയത്തില്‍നിന്ന് ടെന്‍ഡറായിട്ടുണ്ട്. ഇവ അധികനിരക്ക് അനുവദിക്കുന്നതിനുള്ള ടെന്‍ഡര്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒരു പ്രവൃത്തിക്ക് പുനര്‍ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. ജനുവരിയില്‍ മാനന്തവാടി റോഡിലെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ആര്‍എംഎസ്എ അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കാന്‍ നിരന്തരമായി ഇടപെടണമെന്ന് ഡിഡിഇയോട് കലക്ടര്‍ നിര്‍ദേശിച്ചു. ജനുവരി 15നകം ശമ്പളം വിതരണം ചെയ്യുമെന്നും ആര്‍എംഎസ്എയില്‍ നാല് മാസമായി എപിഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നതാ യും ഡിഡിഇ അറിയിച്ചു. ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതികളില്‍ കരാറുകാരും ഗുണഭോക്താക്കളും തമ്മില്‍ കരാറുണ്ടാക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നിയമപരമായ കരാര്‍ ഉണ്ടാക്കിയാല്‍, വീട് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കേസ് കൊടുക്കാന്‍ കഴിയും. ആദിവാസികള്‍ക്ക് വീട് നല്‍കുന്ന പദ്ധതികള്‍ കിട്ടിയവര്‍ക്ക് തന്നെ വീണ്ടും കിട്ടുന്ന സ്ഥിതിയുള്ളത്. തീരെ കിട്ടാത്തവര്‍ക്ക് ഒന്നും കിട്ടാത്ത സ്ഥിതിയുണ്ട്. 2016ല്‍ എങ്കിലും വീട് കിട്ടാത്തവര്‍ക്ക് കിട്ടണം. അഗതി ആശ്രയ പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്തുകള്‍ മാസംതോറും യോഗംചേര്‍ന്ന് വിലയിരുത്തണം. പട്ടികവര്‍ഗ മേഖലയില്‍ കക്കൂസ് നിര്‍മാണത്തിന് 12000 രൂപ ശുചിത്വമിഷന്‍ നല്‍കും. ബാക്കി പഞ്ചായത്ത് വഹിക്കണം. തുറന്ന സ്ഥലത്ത് മലവിസര്‍ജനം ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാര്‍ച്ചില്‍ പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കടന്നുവരികയാണ്. യോഗത്തില്‍ പുകവലിനിരോധന നിരോധനനിയമം സംബന്ധിച്ച് വിവിധ വകുപ്പുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ബത്തേരി നഗരസഭാചെയര്‍മാന്‍ പി.കെ.സഹദേവന്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.