ഇടുക്കി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി

Friday 1 January 2016 10:25 pm IST

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള അംഗീകാരം റദ്ദ്‌ചെയ്തുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അറിയിപ്പ് വ്യാഴാഴ്ച്ച കോളേജിലെത്തി. നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊള്ളാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ഉറപ്പു നല്കിയിരുന്നു. ഈ ഉറപ്പിനെ തുടര്‍ന്നാണ് ഒന്നും രണ്ടു വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ഐ.എം.സി അനുമതി നല്കിയിരുന്നത്. എന്നാല്‍ നവംമ്പര്‍ 2 ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഇടുക്കിയിലെത്തി നടത്തിയ പരിശോധനയില്‍ ഉറപ്പു നല്കിയിരുന്നവയില്‍ ഒന്നു പോലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. പുതിയ കെട്ടിടം നിര്‍മ്മിക്കാതെ ഒരു വിധത്തിലുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. താത്ക്കാലിക സംവിധാനങ്ങള്‍ കൊണ്ട് ഇനിയും മുമ്പോട്ടു പോകാന്‍ കഴിയില്ല. 5 ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിക്കണം. കെട്ടിടവും മുറികളുമില്ലാതെ എവിടെ ഐ.സി.യു ആരംഭിക്കുമെന്നാണ് കോളേജ് അധികൃതരുടെ ചോദ്യം. 21 പ്രധാന സൗകര്യങ്ങളുടെ കുറവാണ് അനുമതി തടയാന്‍ കാരണമായി രേഖാ മൂലം ഐ.എം.സി അറിയിച്ചിട്ടുള്ളത്. ആദ്യ രണ്ടു വര്‍ഷവും തിയറി ക്ലാസ്സുകള്‍ ആയിരുന്നതിനാല്‍ പഠിപ്പിക്കാന്‍ അധ്യാപകരും 50 കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ ക്ലാസ്സ് മുറികളും ഉണ്ടെങ്കില്‍ അനുമതി കിട്ടുമായിരുന്നു. എന്നാല്‍ മൂന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ പരിശീലനത്തിന് അവസരമുണ്ടാകണം. ഇതിനുള്ള സൗകര്യം ഇല്ലാത്തതാണ് അനുമതി റദ്ദാക്കാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.