അവഗണനക്കിടയിലും പുതുവത്സരം ആഘോഷിച്ച് അയ്യന് മുമ്പില്‍ സര്‍വ്വവും സമര്‍പ്പിച്ച്...

Friday 1 January 2016 10:30 pm IST

ശബരിമല: അയ്യപ്പന്റെ പൂങ്കാവനത്തെ ശുചിയാക്കി പുണ്യം നേടുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി അംഗങ്ങളുടെ പുതുവത്സര ആഘോഷം സന്നിധാനത്ത് വേറിട്ട അനുഭവമായി. മാളികപുറത്തിന് പുറകിലായി പോലീസ് മെസ്സിന് സമീപമുള്ള ഷെഡുകള്‍ക്ക് മുന്‍പിലാണ് ഇവര്‍കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. ശരണം വിളിച്ചും പാട്ടുപാടിയും പരസ്പരം ആശംസകള്‍ പറഞ്ഞും പൂക്കളം ഒരുക്കിയും അവരുടെ ദുഖഭാരം അയ്യപ്പന് മുമ്പില്‍ ദുഖങ്ങള്‍ സമര്‍പ്പിച്ചു. സന്നിധാനത്ത് സേവനം ചെയ്യുന്ന മുന്നൂറോളം അംഗങ്ങളാണ് ഇന്നലെ സന്നിധാനത്തെ പുതുവത്സര ആഘോഷങ്ങള്‍ ഒരുക്കിയത്. അയ്യപ്പന്റെ പുഷ്പാഭിഷേകത്തിന് ഉപയോഗിച്ച പൂക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ പൂക്കളമിട്ടത്. കരാര്‍ അടിസ്ഥാനത്തില്‍ വെറും 300 രൂപ ദിവസവേതനത്തിലാണ് ഇവര്‍ ശബരീശന്റെ പൂങ്കാവനത്തെ വൃത്തിയാക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരാണ്. നൂറുപേര്‍ തിങ്ങി കിടക്കുന്ന മൂന്നുഷെഡുകളിലായാണ് ഇവര്‍ക്ക് താമസം. പന്നിയും ഇഴജന്തുക്കളും വ്യാപകമായുള്ള ഇവിടെ വെല്ലുവിളികളെ അതിജീവിച്ചാണ് അവര്‍ ജീവിക്കുന്നത്. 100 പേര്‍ക്ക് ആകെ മൂന്നു കക്കൂസുകള്‍,  അതും വൃത്തിഹീനം. പൈപ്പുകള്‍ പൊട്ടി ഒലിക്കുന്നു. കിടക്കാന്‍ വിരികളൊ മറ്റ് സൗകര്യങ്ങളൊ ഇല്ല. ഇതില്‍  20 വര്‍ഷമായി ശുചീകരണ ജോലികള്‍ ചെയ്തുവരുന്ന തൊഴിലാളികള്‍ വരെയുണ്ട്. തുശ്ചമായ വേതനമാണെങ്കിലും അയ്യപ്പസ്വാമിക്കൊപ്പം രണ്ട് മാസം ജീവിക്കാമെന്ന് അടങ്ങാത്ത ആഗ്രഹത്തിന് പുറത്താണ് ഇവര്‍ ഓരോവര്‍ഷവും മല ചവിട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.