ചന്ദനക്കുടം-പേട്ടതുള്ളല്‍: എരുമേലിയിലെ ക്രമീകരണങ്ങള്‍ പ്രതിനിധി സംഘം വിലയിരുത്തി

Friday 1 January 2016 10:57 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനാഘോഷത്തിന്റെ സമാപനങ്ങളുടെ ഭാഗമായി നടക്കാറുള്ള ചന്ദനക്കുടം, അമ്പലപ്പുഴ-ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ എന്നിവ സംബന്ധിച്ച് എരുമേലിയിലെ ക്രമീകരണങ്ങള്‍ ഉന്നതതല സംയുക്തസംഘം വിലയിരുത്തി. 11ന് നടക്കുന്ന ചന്ദനക്കുടത്തിനും 12ന് നടക്കുന്ന പേട്ടതുള്ളലിനും എഴുന്നള്ളപ്പിനായി കൊണ്ടുവരുന്ന ആനകളെ സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയും എഴുന്നള്ളിത്തിനാവശ്യമായ മുന്‍കരുതലുകളും അനുമതിയും ബന്ധപ്പെട്ടവര്‍ വാങ്ങണം. അമ്പലപ്പുഴ-ആലങ്ങാട്ട് ദേശക്കാരുടെ സംഘത്തില്‍ പേട്ടതുള്ളുന്ന മുഴുവന്‍ പേര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. ഇതിനായി പേട്ടസംഘത്തിലുള്ളവരുടെ ലിസ്റ്റ് സംഘം ദേവസ്വം ബോര്‍ഡിന് മുന്‍കൂറായി ഏല്‍പ്പിക്കുകയും വേണമെന്നും ആവശ്യമുയര്‍ന്നു. മദ്യപിച്ച് പേട്ടതുള്ളുന്നതും അനധികൃതമായി പേട്ടതുള്ളല്‍ സംഘത്തില്‍ കയറുന്നതും മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളല്‍ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ താത്ക്കാലിക പരിഹാരമെന്ന നിലക്ക് ഒരു സംഘമായി പേട്ടതുള്ളാനും ധാരണയിലെത്തി. 11 മുതല്‍ 14 വരെ മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചാല്‍ വാഹനഗതാഗതം സമാന്തരപാതകളെ ആശ്രയിച്ച് നിയന്ത്രിക്കുമെന്നും യാത്രക്കാര്‍ പരമാവധി സഹകരിക്കണമെന്നും പോലീസും അറിയിച്ചു. എരുമേലി പേട്ടതുള്ളലിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. 11, 12 തീയതികളിലായി വാഹനഗതാഗതനിയന്ത്രണങ്ങള്‍ക്കായി ജില്ലയില്‍നിന്നും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചു. ആനകളെ പരിപാടികളില്‍ എഴുന്നള്ളിപ്പിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം പാലിക്കണമെന്നും ചൂടുകൂടുന്ന സമയത്ത് റോഡുകള്‍ വെള്ളം നനച്ച് തണുപ്പിക്കാനും പ്രത്യേകം തീരുമാനിച്ചിട്ടുണ്ട്. എരുമേലിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസ്, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാറും ഡ്യൂട്ടി മജിസ്‌ട്രേറ്റുമായ രാജന്‍, അമ്പലപ്പുഴ പേട്ടസംഘം അയ്യപ്പഭക്തസംഘം പ്രസിഡന്റ് കെ. ചന്തു, സെക്രട്ടറി മോഹനന്‍, ട്രഷറര്‍ ശ്രീകുമാര്‍, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ജി, ബിജു, ആലങ്ങാട് സംഘം പ്രസിഡന്റ് എം.എന്‍. രാജപ്പന്‍നായര്‍, സെക്രട്ടറി രാജേഷ്, മണിമല സിഐ ടി.എ. രാജപ്പന്‍ റാവുത്തര്‍, എരുമേലി എസ്‌ഐ കെ.ആര്‍. സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജു, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അഖിലഭാരത അയപ്പസേവാ സംഘം എരുമേലി ശാഖാ ട്രഷറര്‍ കെ.പി. മുരളീധരന്‍, എരുമേലി ദേവസ്വം എ.ഒ. പത്മനാഭനുണ്ണി, വനംവകുപ്പ് എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ സാന്‍ട്രി തോമസ്, കെഎസ്ആര്‍ടിസി എരുമേലി ഇന്‍സ്‌പെക്ടര്‍ ബോബന്‍, പൊതുപ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി, ജമാ അത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് അബുദുള്‍ കരിം, സെക്രട്ടറി സി.യു. അബ്ദുള്‍കരീം, ട്രഷറര്‍ അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.