സാഫ് കപ്പ്: നാളെ കൊട്ടിക്കലാശം

Saturday 2 January 2016 12:16 pm IST

തിരുവനന്തപുരം: പതിനൊന്നാമത് സാഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കൊട്ടിക്കലാശം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാനും റണ്ണേഴ്‌സപ്പായ ഇന്ത്യയും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും സാഫ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. 2011-ല്‍ ദല്‍ഹിയില്‍ നടന്ന സാഫ് കപ്പിലും 2013-ല്‍ നേപ്പാളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുമായിരുന്നു ഇരുടീമുകളും മുഖാമുഖം ഏറ്റുമുട്ടിയത്. 2011-ല്‍ ദല്‍ഹിയില്‍ വച്ച് കലാശപ്പോരാട്ടത്തില്‍ 4-0ന് വിജയിച്ച് ഇന്ത്യ കിരീടം ഉയര്‍ത്തിയപ്പോള്‍ കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ 2-0ന് വിജയിച്ച്  ചരിത്രത്തിലാദ്യമായി അഫ്ഗാന്‍ കപ്പുയര്‍ത്തി. കഴിഞ്ഞ വര്‍ഷം കൈവിട്ടുകളഞ്ഞ കിരീടം തിരിച്ചുപിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ കിരീടനേട്ടം ആവര്‍ത്തിക്കുക എന്നത് അഫ്ഗാന്‍ സ്വപ്‌നവും. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരുന്നെത്തിയ കാല്‍പ്പന്തുകളി മാമാങ്കത്തെ കാണികള്‍ കൈവിട്ടു എന്നത് സത്യം. ഒരു കളിക്ക് മാത്രമാണ് ഭേദപ്പെട്ട ജനക്കൂട്ടം സ്‌റ്റേഡിയയത്തിലെത്തിയത്. ഇന്ത്യ-മാലദ്വീപ് സെമിക്ക്. 31,176 കാണികള്‍ ഈ കളി സ്‌റ്റേഡിയത്തിലെത്തി കണ്ടു. മറ്റ് കളികള്‍ക്കെല്ലാം ഏറെക്കുറെ ഒഴിഞ്ഞ സ്‌റ്റേഡിയമായിരുന്നു. 150 പേര്‍ മാത്രം കണ്ട കളിയും ഇവിടെ നടന്നു. ഫൈനലില്‍ സ്‌റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സാഫ് കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയത് ഇന്ത്യയാണ്. ആറ് തവണ. 1993ലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലും പിന്നീട് 1997, 1999, 2005, 2009, 2011 ടൂര്‍ണമെന്റുകളിലും ഇന്ത്യ കപ്പുയര്‍ത്തി. 1995, 2008, 2013 എന്നീ വര്‍ഷങ്ങളില്‍ ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരുമായ ഇന്ത്യ 2003-ല്‍ മൂന്നാം സ്ഥാനവും നേടി. ഇത്തവണ ലക്ഷ്യമിടുന്നത് ഏഴാം കിരീടം. മാല്‍ദ്വീപ് (2008), ബംഗ്ലാദേശ് (2003), ശ്രീലങ്ക (1995), അഫ്ഗാനിസ്ഥാന്‍ (2013) എന്നിവരാണ് കപ്പ് നേടിയ മറ്റ് രാജ്യങ്ങള്‍. 1997, 2003, 2009 എന്നീ ടൂര്‍ണമെന്റുകളില്‍ മാല്‍ദ്വീപ് റണ്ണേഴ്‌സായപ്പോള്‍ ബംഗ്ലാദേശ് രണ്ട് തവണയും രണ്ടാം സ്ഥാനക്കാരായി. 1999, 2005 വര്‍ഷങ്ങളില്‍. ശ്രീലങ്ക 1993-ലും നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍ 2011ലും റണ്ണേഴ്‌സായി. തുടര്‍ച്ചയായ ആറാം തവണയാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം സെമിയില്‍ മാലദ്വീപിനെ 3-2ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്. ശ്രീലങ്കയെ 5-0ത്തിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍ ഫൈനലിലെത്തിയത്. എന്നാല്‍ ഇന്ത്യയുടെ ഫൈനലിലേക്കുള്ള മുന്നേറ്റം അത്ര ഗംഭീരമൊന്നുമായിരുന്നില്ല. പലപ്പോഴും താളവും ഒഴുക്കും കണ്ടെത്താന്‍ കഴിയാതിരുന്ന ടീം ഇന്ത്യക്ക് ഭാഗ്യവും അകമ്പടി സേവിച്ചിരുന്നു. പ്രതിരോധത്തിലെ പിഴവാണ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈനെ അലട്ടുന്നത്. പാക്കിസ്ഥാന്‍ പിന്മാറിയതോടെ മൂന്ന് ടീമുകളായി മാറിയ ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു. ശ്രീലങ്കക്കെതിരെ 2-0നും നേപ്പാളിനെതിരെ 4-1നും. ഈ കളികളിലെല്ലാം പ്രതിരോധനിരയുടെ പരാജയം എടുത്തുപറയേണ്ടതാണ്. ഒപ്പം മധ്യനിരയും ദുര്‍ബലമായിരുന്നു. എന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതുമാണ്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. മാലദ്വീപിനെതിരായ സെമികൂടി ഉള്‍പ്പെടുമ്പോള്‍ അടിച്ച ഗോളുകള്‍ 9ഉം വഴങ്ങിയത് മൂന്നും. രണ്ട് വീതം ഗോളുകള്‍ നേടിയ റോബിന്‍ സിങ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലിയ, സുല എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയവര്‍. ഐ.എം. വിജയനും ബൈചുങ് ഭൂട്ടിയക്കും സുനില്‍ ഛേത്രിക്കും പിന്മുറക്കാരയനായി ഒരു യുവതാരത്തിന്റെ ഉദയത്തിനും സാഫ് കപ്പ് സാക്ഷ്യം വഹിച്ചു. മിസോറാമുകാരനായ ലാലിയന്‍ സുല ഛങ്‌തെ എന്ന പതിനെട്ടുകാരന്റെ ഉദയമാണ് ഈ ടൂര്‍ണമെന്റില്‍ പ്രധാന സവിശേഷത. നേപ്പാളിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ സുല അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. ടീമിലെ മുതിര്‍ന്ന താരങ്ങളെ വെല്ലുന്ന പന്തടക്കമാണ് ഈ കൗമാരതാരം നടത്തിയത്. എങ്കിലും ഒരു കാര്യം ഉറപ്പാണ്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനമാണ് ഇന്ത്യ ഫൈനലിലും പുറത്തെടുക്കുന്നതെങ്കില്‍ കിരീടം തിരിച്ചുപിടിക്കുക എന്നത് സ്വപ്‌നമായി തന്നെ അവശേഷിക്കും. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ആധികാരികമായ പ്രകടനം നടത്തിയാണ് അഫ്ഗാന്‍ കലാശക്കളിക്ക് എത്തുന്നത്. ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11 തവണ എതിര്‍വല കുലുക്കിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. സെമിയില്‍ ശ്രീലങ്കക്കെതിനേടിയ അഞ്ചെണ്ണം കൂടിയാകുമ്പോള്‍ നേടിയ ഗോളുകളുടെ എണ്ണം 16. ഈ കണക്കുതന്നെ മതി അവരുടെ കരുത്തരറിയാന്‍. യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന 18 താരങ്ങളാണ് അഫ്ഗാന്‍ സ്വപ്‌നങ്ങളെ ചുമലിലേറ്റി കുതിക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവിയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നതും അഫാഗാന്‍ താരങ്ങളാണ്. നാല് ഗോളുകളുമായി ഖൈബര്‍ അമാനിയാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെ മൂന്നു ഗോളുകളുമായി തൊട്ടുപിന്നിലും. രണ്ട് ഗോളുകളുമായി അഹമ്മദ് ഹാത്തിഫി, ഒമൈദ് പോപ്പല്‍സെ, മാസിഷ് സൈഖനി എന്നിവരും മികച്ച ഫോമിലാണ്. ഒപ്പം പ്രതിരോധ-മധ്യ-മുന്നേറ്റനിരകളുടെ ഒത്തൊരുമയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. എന്നാല്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. മുന്‍പ് ആറു തവണ അഫ്ഗാനെതിരെ മത്സരച്ചതില്‍ നാലു തവണയും ഇന്ത്യക്കായിരുന്നു വിജയം ഒരു മത്സരം പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം സമനിലയില്‍. അതേസമയം കണക്കുകളിലൊന്നും കാര്യമില്ല എന്നതാണ് വസ്തുത. കഴിഞ്ഞ മത്സരങ്ങളിലെ അഫ്ഗാന്‍ പ്രകടനം വച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് കപ്പുയര്‍ത്തണമെങ്കില്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കേണ്ടിവരുമെന്ന് ഉറപ്പ്. ഇന്ത്യന്‍ വിജയത്തിനായി ആര്‍പ്പുവിളിക്കുന്ന ആരാധകരുടെ പിന്തുണയും കൂടി ഉണ്ടെങ്കില്‍ ഒരു ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍ തിരുവനന്തപുരം: സാഫ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ അഫ്ഗാന്‍ നേരിടും. വൈകുന്നേരം 6.30ന് നടക്കുന്ന മത്സരത്തില്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സാഫ് സെക്രട്ടറി കുശാല്‍ദാസ്, വി. ശിവന്‍കുട്ടി എംഎല്‍എ തുടങ്ങിയവര്‍ മുഖ്യതിഥികളായിരിക്കും. കഴിഞ്ഞ 23ന് ആരംഭിച്ച സാഫ് ഫുട്‌ബോളില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ പങ്കെടുത്തു. 1989 നുശേഷം ആദ്യമായാണ് തിരുവനന്തപുരത്ത്  വച്ച് സാഫ് ഫുട്‌ബോള്‍ നടത്തുന്നത്. സെമിഫൈനല്‍ വരെ 11 കളികളില്‍ നിന്ന് 41 ഗോളുകളാണ് പിറന്നത്. ഫൈനലില്‍ വിജയിക്കുന്ന ടീമിന് 50,000 ഡോളര്‍ സമ്മാനം ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 25,000 ഡോളറും സെമിഫൈനല്‍ ടീമിന് 10,000 ഡോളറും ലഭിക്കും. ഭൂട്ടാന്‍ സംഘത്തിലെ കാമാഷെ സഡ്രൂപിന് രണ്ട് മഞ്ഞക്കാര്‍ഡ് ഉള്‍പ്പെടെ ഭൂട്ടാന്റെ ഏഴ് പേര്‍ക്കാണ് യെല്ലോ കാര്‍ഡ് കിട്ടിയത്. ഭൂട്ടാന്റെ ചിമിദോര്‍ജിക്ക് ചുവപ്പു കാര്‍ഡും കിട്ടി. അഫ്ഗാന്‍, ഇന്ത്യ കളിക്കാര്‍ക്കാണ് ഏറ്റവും കുറവ് മഞ്ഞ കാര്‍ഡ് കിട്ടിയത്. സ്‌കൂള്‍ കുട്ടികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വന്നാല്‍ സമാപന മത്സരം കാണാന്‍ അനുവദിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.