ഇടുക്കിയിലെ 5000 കര്‍ഷകര്‍ക്ക് നാലേക്കര്‍ വരെ പട്ടയം

Saturday 2 January 2016 12:31 am IST

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്തു താമസിക്കുന്ന കര്‍ഷകര്‍ക്ക് നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം നല്‍കുന്നതിന് റവന്യൂ, വൈദ്യുതി വകുപ്പുകള്‍ സംയുക്തമായി സര്‍വെ നടത്തും. ഇത് ജനുവരിയില്‍ ആരംഭിക്കും. ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍, വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലാണ് പട്ടയം നല്‍കുക. 5000 പേര്‍ക്കു പ്രയോജനം ലഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിലെ സംയുക്ത പരിശോധന പട്ടികയിലുള്ള എല്ലാ ആദിവാസികള്‍ക്കും വനാവകാശരേഖ നല്‍കും. ആദിവാസി സെറ്റില്‍മെന്റിലെ ആദിവാസികള്‍ക്ക് സംയുക്ത പരിശോധന നടത്തി പട്ടയം നല്‍കും. ഉപാധിരഹിത പട്ടയങ്ങള്‍ നല്‍കിയപ്പോള്‍ പട്ടയത്തിന്റെ പിന്‍വശത്ത് രേഖപ്പെടുത്തിയ ചില നിബന്ധനകള്‍ മൂലം ദേശസാത്കൃത ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പട്ടയം പണയപ്പെടുത്തി വായ്പ ലഭിക്കുന്നതിന് ആവശ്യമായ ഭേദഗതി വരുത്തും. ഇടുക്കി ജില്ലാ പഞ്ചായത്തിനു കൈമാറി കിട്ടിയ ഭൂമിയില്‍ സംയുക്ത പരിശോധനാ പട്ടികയില്‍പ്പെട്ട അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനും ഇടുക്കി വില്ലേജില്‍ സര്‍വേ നടപടി പൂര്‍ത്തീകരിച്ച സ്ഥലത്ത് പട്ടയം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്നു രേഖപ്പെടുത്തിയതിനാല്‍ ഇടുക്കി താലൂക്കിലെ തങ്കമണി, കാമാക്ഷി, ഉപ്പുതോട്, കൊന്നത്തടി, വാത്തിക്കുടി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാത്തതിനാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്,  വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്‍, പിസിസിഎഫ് & എച്ച്ഒഎഫ്എഫ് ഡോ. ബ്രാന്‍ഡ്‌സണ്‍ കോറി, കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കരന്‍, റവന്യൂ അഡീഷണല്‍ സെക്രട്ടറി റ്റി.വി. വിജയകുമാര്‍, റോഷി അഗസ്റ്റിന്‍ എംഎല്‍എ, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.