മണ്ണെണ്ണ സബ്‌സിഡിയും ബാങ്ക് വഴി

Saturday 2 January 2016 1:10 am IST

ന്യൂദല്‍ഹി: പാചകവാതക സബ്‌സിഡി ബാങ്കിലെത്തുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി മണ്ണെണ്ണയ്ക്കും നടപ്പാക്കാന്‍ കേന്ദ്രപെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. പ്രതിവര്‍ഷം 8,000 കോടി രൂപ ഇതോടെ സാധാരണക്കാര്‍ക്ക് ബാങ്ക് വഴി നേരിട്ട് ലഭിക്കും. മണ്ണെണ്ണ വാങ്ങി മറിച്ചുവില്‍ക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിബിടി പദ്ധതി മണ്ണെണ്ണ വിതരണത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രപെട്രോളിയം മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 7,8 സംസ്ഥാനങ്ങള്‍ അനുകൂല പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, പോണ്ടിച്ചേരി, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഢ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 25 ജില്ലകളില്‍ നടപ്പാക്കി വിജയകരമാണോയെന്ന് പരിശോധിച്ച ശേഷം രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 25 ജില്ലകളിലെ മണ്ണെണ്ണ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം സബ്‌സിഡി തുക ബാങ്കുകള്‍ വഴി നല്‍കും. ഉപഭോക്താവ് വാങ്ങുന്ന മണ്ണെണ്ണയ്ക്ക് മാര്‍ക്കറ്റ് വില നല്‍കണം. എല്‍പിജി സബ്‌സിഡി വിതരണം ചെയ്യുന്ന അതേ മാതൃകയില്‍ മണ്ണെണ്ണയുടെ സബ്‌സിഡിയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തും. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ പദ്ധതി തുടങ്ങാനാണ് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന മണ്ണെണ്ണ വിഹിതം ഉപഭോക്താക്കളിലെത്തിക്കാതെ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ മറിച്ചു വില്‍ക്കുന്നു എന്ന ആക്ഷേപം ശക്തമായതോടെയാണ് മണ്ണെണ്ണ സബ്‌സിഡിയും ബാങ്കുവഴിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ വിഹിതമായി വാങ്ങുന്നതിന്റെ പകുതി പോലും മണ്ണെണ്ണ ഉപഭോക്താക്കള്‍ക്ക് ആവശ്യമായി വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമങ്ങളിലെ വൈദ്യുതവല്‍ക്കരണം പുരോഗമിച്ചതോടെ മണ്ണെണ്ണയുടെ ആവശ്യം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മണ്ണെണ്ണ ആവശ്യമില്ലാതായതോടെ സംസ്ഥാന സര്‍ക്കാരുകള്‍ മറ്റാവശ്യങ്ങള്‍ക്ക് മണ്ണെണ്ണ മറിച്ചു കൊടുക്കുന്നുണ്ട്. ഇടനിലക്കാര്‍ വഴിയുള്ള മണ്ണെണ്ണയുടെ കരിഞ്ചന്ത വില്‍പ്പനയും ക്രമാതീതമായി വര്‍ദ്ധിച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില കൂട്ടി ന്യൂദല്‍ഹി: സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 49.50 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം സബ്‌സിഡി ഇല്ലാത്ത 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന് 657.50 രൂപ നല്‍കണം. എന്നാല്‍ സബ്‌സിഡിയോടു കൂടി പ്രതിവര്‍ഷം ലഭിക്കുന്ന 12 സിലിണ്ടറുകളുടെ വിലയില്‍ വ്യത്യാസമില്ല. സബ്‌സിഡിയോട് കൂടി ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിച്ചെന്ന കേരളത്തിലെ മാധ്യമ പ്രചാരണം ശരിയല്ലെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയത്തിലെ എല്‍പിജി ഡയറക്ടര്‍ കെ.എം മഹേഷ് ജന്മഭൂമിയെ അറിയിച്ചു. സബ്‌സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറുകള്‍ക്ക് പഴയ നിരക്ക് തന്നെ ആണ്.  12ല്‍ അധികം വാങ്ങുന്ന സിലിണ്ടറുകള്‍ക്കാണ് കൂടിയ തുക നല്‍കേണ്ടിവരുന്നത്. കേരളത്തില്‍ 1,31, 653 പേരാണ് ഇതുവരെ എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വെച്ചിട്ടുള്ളത്. രാജ്യത്താകമാനം 57.50 ലക്ഷം പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ട്. പത്തുലക്ഷത്തിന് മേല്‍ നികുതി അടയ്ക്കുന്ന വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ജനുവരി 1 മുതല്‍ പുതിയ സിലിണ്ടര്‍ വാങ്ങുമ്പോള്‍ സബ്‌സിഡി ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വമേധയാ വരുമാനം വെളിപ്പെടുത്തുന്നവര്‍ക്കാണ് ഇത് ബാധകമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.