പറക്കലിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

Saturday 2 January 2016 6:52 pm IST

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണ പറക്കലിനൊരുങ്ങി. ഈ മാസം 21 ന് പരീക്ഷണ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരും. സെപ്തംബറോടെ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങും. ഉത്തര മലബാറിന്റെ വികസനത്തില്‍ പുതിയൊരധ്യായം കുറിക്കാന്‍ ഉതകുന്ന പൊതുമേഖല-സ്വകാര്യ പങ്കാളിത്തതോടെ യാഥാര്‍ത്ഥ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ് കണ്ണൂര്‍ വിമാനത്താവളം. ഡിസംബര്‍ 31 ന് പരീക്ഷണ പറക്കല്‍ നടത്താന്‍ ഒരുങ്ങിയിരുന്നുവെങ്കിലും  അപ്രതീക്ഷിത മഴ പ്രശ്‌നമാകുകയായിരുന്നു.  വിമാനത്താവളത്തിന്റെ മേല്‍നോട്ടം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) എന്ന കമ്പനിക്കാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് എല്‍ ആന്‍ഡ് ടി കമ്പനിയാണ്. റണ്‍വേ 3400 മീറ്ററാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 2400 മീറ്റര്‍ റണ്‍വേയുടെ ടാറിടലാണ് പരീക്ഷണപ്പറക്കലിന് മുന്നോടിയായി നടത്തുന്നത്. റണ്‍വേയുടെ പ്രവൃത്തി 65 ശതമാനവും പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം 65 ശതമാനവും പൂര്‍ത്തിയായി. കെട്ടിടങ്ങളുടെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. എട്ടുലക്ഷം ചതുരശ്രയടിയുള്ള ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ജോലിയും നടന്നുവരികയാണ്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണ്‍ ഏരിയ എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലേക്കും പുറത്തേക്കുമുള്ള രണ്ട് മേല്‍പ്പാലങ്ങളുടെ നിര്‍മാണവും നടക്കുന്നു. ഇന്ധന സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ബിപിസിഎല്ലും കിയാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 28,000 അടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇന്ധനപ്പാടം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും. റണ്‍വേ 3400 മീറ്ററായി വികസിപ്പിക്കുന്നതിന് 75 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി തര്‍ക്കം നിലനില്‍ക്കുകയാണ് പരീക്ഷണപ്പറക്കലിനായി ഡിജിസിഎ അധികൃതര്‍ അടുത്ത ദിവസം നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശം സന്ദര്‍ശിക്കും. ഏത് വിമാനം ഉപയോഗിക്കണമെന്ന് തീരുമാനമെടുത്തിട്ടില്ല. 2008 ഫെബ്രുവരിയിലാണ്  പ്രൊജക്ടിന് അനുമതി നല്‍കിയത്. 2010 ഡിസംബര്‍ 17ന്  ശിലാസ്ഥാപനം നടത്തി. 2014 ഫെബ്രുവരി 2ന് റണ്‍വെയുടെ നിര്‍മ്മാണം ആരംഭിച്ചു. മൊത്തം 2165 ഏക്കര്‍ സ്ഥലം വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ ഭാഗമായി മാറും. വര്‍ഷത്തില്‍ 4.67 മില്ല്യന്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തില്‍ 60758 ടണ്‍ കാര്‍ഗോ വര്‍ഷത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും, വീരാജ്‌പേട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും വിദേശയാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും ഏറെ സഹായകരമാകും. ദൈര്‍ഘ്യം 3400 മീറ്ററാവുന്നതോടെ ബോയിംഗ് 777, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍ വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയും. റണ്‍വേയുടെ നീളം 4000 മീറ്ററാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. റണ്‍വേയുടെ നീളം കൂട്ടിയാല്‍ അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാധുനിക വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ വഴിയൊരുങ്ങും. ആര്‍വേസ് 35, ബോയിംഗ് 777 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതോടെ കേരളത്തിലേക്കു വിദേശസഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.