ഒരുനെല്ലും ഒരുമീനും പദ്ധതി അട്ടിമറിക്കപ്പെട്ടു

Saturday 2 January 2016 8:01 pm IST

ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുനെല്ലും ഒരുമീനും പദ്ധതി പാളുന്നു. പുഞ്ചക്കൃഷിയുടെ വിളവെടുപ്പിന് ശേഷം പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ നടത്തിവന്ന മത്സ്യവളര്‍ത്തല്‍ പദ്ധതിയാണ് പാളുന്നത്. കാര്‍ഷിക മേഖലയ്ക്കും പദ്ധതി ഏറെ ഗുണകരമായിരുന്നുവെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയില്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുഞ്ചക്കൃഷിക്ക് ശേഷം മത്സ്യകൃഷി വ്യാപകമായിരുന്നു. പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ കുട്ടനാട്ടില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനാണെന്ന് കൊട്ടിഘോഷിച്ചാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. മത്സ്യകൃഷി വ്യാപകമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങള്‍ക്ക് മത്സ്യഫെഡില്‍ നിന്ന് വിവിധ ഇനം മത്സ്യകുഞ്ഞുങ്ങളും, വലയും, വള്ളവും കൂടാതെ ധനസഹായവും ലഭിച്ചിരുന്നു. സര്‍ക്കാര്‍ ബാങ്കുകള്‍ വഴി പലിശ രഹിത വായ്പയും പ്രഖ്യാപിച്ചു. ആദ്യകാലത്ത് കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളും പദ്ധതിയുടെ ഗുണഫലം അനുഭവിച്ചു. ഇരുക്യഷികളില്‍ നിന്ന് ഉത്പാദനം കൂട്ടാനും പദ്ധതി സഹായകമായി. പുഞ്ചകൃഷിയോടനുബന്ധിച്ച് പാടത്ത് വെള്ളം കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നു വിടും. മത്സ്യങ്ങള്‍ക്ക് നല്‍കുന്ന തീറ്റയുടെ അവശിഷ്ടവും, മത്സ്യങ്ങള്‍ വിസര്‍ജിച്ച അവശിഷ്ടവും അടുത്ത സീസണിലെ നെല്‍ക്യഷിയുടെ വിളവ് കൂട്ടാനും, കാര്‍ഷിക നഷ്ടം കുറയ്ക്കാനും ഉപകരിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. നിരവധി തൊഴിലാളികളും ഈ മേഖലയില്‍ പണിയെടുത്തിരുന്നു. മത്സ്യത്തിന് തീറ്റ നല്‍കുന്നതും പരിപാലനത്തിനും തൊഴിലാളികള്‍ക്ക് 350 മുതല്‍ 450 രൂപ വരെ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയായി പദ്ധതി പ്രവര്‍ത്തനം നിലച്ചമട്ടാണ്. കുട്ടനാട്ടിലെ ഒന്നോ രണ്ടോ പാടശേഖരങ്ങളില്‍ മാത്രമാണ് ഒരുനെല്ലും ഒരു മീനും പദ്ധതി നടക്കുന്നത്.അതേസമയം മത്സ്യസമ്പത്ത് നശിപ്പിക്കുകയും തൊഴിലാളികളുടെ പണി ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.