പോലീസിന്റെ വാദം പൊളിയുന്നു; സുഭാഷിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Saturday 2 January 2016 8:06 pm IST

മരട്(കൊച്ചി): മരട് കുണ്ടന്നൂര്‍ കണക്കത്തറ വീട്ടില്‍ സുഭാഷ് (35) മരിച്ചത് പോലീസിന്റെ മര്‍ദ്ദനമേറ്റല്ലെന്ന വാദം പൊളിയുന്നു. സുഭാഷിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എസ്‌ഐ പി.ആര്‍. സന്തോഷിന്റെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കാഴ്ചവൈകല്യമുള്ള സുഭാഷ് ആത്മഹത്യ ചെയ്തത്. നെഞ്ചിലും വയറിന്റെ വശത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. കൈമുട്ടിന്റെ മുകളിലും താഴെയുമായി ചതവുകളും ഉണ്ട്. ആത്മഹത്യ ചെയ്ത കയറിന്റെ പാടുകള്‍ അല്ലാതെ കൈകൊണ്ട് കഴുത്തില്‍ ഞെരിക്കുമ്പോള്‍ ഉണ്ടാകുന്ന രക്തം കട്ടപിടിച്ച പാടും ഉണ്ട്. ഇത് തൊലിപ്പുറത്ത് പ്രകടമാകുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഭാഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈദ്യപരിശോധന നടത്തിയ ശേഷം കേസ് ചാര്‍ജ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു എന്നുമാണ് മരട് പോലീസ് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സുഭാഷിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്‌ഐ: പി.ആര്‍. സന്തോഷിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായി. പുറത്താക്കാതെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ശക്തമാണ്. സുഭാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും ഭാര്യ ചിത്രക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ഡിസംബര്‍ 26 ന് രാത്രി ഏഴരമണിയോടെയായിരുന്നു സുഭാഷിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കുണ്ടന്നൂര്‍ ഇ.കെ.നായനാര്‍ ഹാളിനു സമീപം നില്‍ക്കുകയായിരുന്ന സുഭാഷിനെ അതുവഴി വന്ന എസ്‌ഐ ചോദ്യം ചെയ്യുകയായിരുന്നു. രാത്രിയില്‍ കാഴ്ച നഷ്ടപ്പെടുന്ന അസുഖമുള്ള സുഭാഷിന് മുന്നില്‍ നില്‍ക്കുന്നത് എസ്‌ഐ ആണെന്ന് മനസ്സിലാവാതെ സുഹൃത്തുക്കള്‍ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ചുമലില്‍ തട്ടുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ എസ്‌ഐ സുഭാഷിന്റെ കരണത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ സുഭാഷിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കിയെന്ന കേസും ചാര്‍ജ് ചെയ്തു. കൊണ്ടുപോകുന്ന വഴി വാഹനത്തിലിട്ട് മര്‍ദ്ദിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പിറ്റേന്ന് സ്‌റ്റേഷനില്‍ ഹാജരാവണം എന്ന ഉപാധിയോടെ സുഹൃത്തുക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെ 8 മണിയോടെ ക്ഷേത്രത്തില്‍ പോയി വന്ന ഭാര്യ കണ്ടത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച സുഭാഷിനെയാണ്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിലും, കള്ളക്കേസില്‍ പെടുത്തിയതിലും മനംനൊന്താണ് സുഭാഷ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹവുമായി നാട്ടുകാര്‍ മരട് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.