തൊഴിലുറപ്പ് കൂലി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

Saturday 2 January 2016 8:20 pm IST

ചാലക്കുടി: മോദി സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിന് തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്തായി അതിരപ്പിള്ളി. ഭാരതത്തില്‍ തന്നെ ആദ്യമായിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവരുടെ വേതനം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്നത്. നാഷണല്‍ ഇ.എഫ്.എം.എസ്. സംവിധാനം വഴിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അത് കേരളത്തിലെ ആദിവാസി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ മാതൃകയായി. മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാന്‍ പോവുകയാണെന്ന് പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് സമരം നടത്തിയവര്‍ക്കെല്ലാം കനത്ത തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിലെ രണ്ട്, ആറ് വാര്‍ഡുകളിലെ 18 തൊഴിലാളികള്‍ക്കാണ് വേതനം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി സംസ്ഥാന സര്‍ക്കാരാണ് പിന്നീട് വിതരണം ചെയ്തിരുന്നത്. പല സംസ്ഥാനങ്ങളും ഈ തുക വകമാറ്റി ചിലവാക്കുന്നതു കാരണം   പണം ലഭിക്കുവാന്‍ കാലതാമസം എടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നേരിട്ട് നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പഞ്ചായത്തില്‍ നിന്ന് തൊഴിലാളികളുടെ ജോലിയുടെ കണക്ക് ബ്ലോക്കിലെത്തിച്ച് അവിടെ നിന്ന് ഓരോ പഞ്ചായത്തിലേയും കണക്കുകള്‍ ഓണ്‍ലൈനായി നല്‍കുകയാണ് ചെയ്യുന്നത്. ആ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത്. നാലാം തീയതി മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും തൊഴിലാളികളുടെ വേതനം അവരുടെ അക്കൗണ്ടില്‍ കാലതാമസമില്ലാതെ എത്തി തുടങ്ങും. മോദി സര്‍ക്കാര്‍ അധികാരത്തില്‍  വന്നപ്പോള്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാന്‍ പോകുന്നുവെന്ന് വ്യാജ പ്രചാരണം വ്യാപകമായിരുന്നു. എന്നാല്‍ രണ്ട് തവണ കൂലി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 229 രൂപയാണ് ഒരു ദിവസം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.