ലീഗ്-സിപിഎം സഖ്യം മറനീക്കി പുറത്തേക്ക്; ഇളിഭ്യരായി കോണ്‍ഗ്രസ്

Saturday 2 January 2016 8:44 pm IST

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം-ലീഗ് സഖ്യം ഉണ്ടാകുമെന്ന സൂചന ബലപ്പെടുന്നു. ജില്ലയിലെ ചോക്കാട് പഞ്ചായത്തില്‍ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം കിട്ടാന്‍  ലീഗ് സഹായിച്ചത് ഈ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആകെ 18 വാര്‍ഡുകളുള്ള ചോക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ലീഗിനും കൂടി 12 സീറ്റുണ്ട്. എന്നിട്ടും ആറ് സീറ്റുള്ള സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ലീഗിന്റെ നാല് മെമ്പര്‍മാരും സിപിഎമ്മിനെ അകമഴിഞ്ഞ് സഹായിച്ചു. സിപിഎമ്മിലെ ഷാഹിന ഗഫൂര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ മലപ്പുറത്ത് കോണ്‍ഗ്രസ് ലീഗ് തര്‍ക്കത്തെ തുടര്‍ന്ന് ഒരു പഞ്ചായത്തില്‍ കൂടി യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അനുകൂല നീക്കവും വ്യക്തമാണ്. കുറച്ച് നാളുകളായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഏതുവേദിയില്‍ എത്തിയാലും പറയുന്ന പ്രധാന കാര്യങ്ങളിലൊന്ന് മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നാണ്. യുഡിഎഫ് സംവിധാനത്തില്‍ നിന്നും ലീഗിനെ പുറത്തെത്തിക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ നാണംകെട്ട ഭരണത്തിന് അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്ന് ലീഗിനും അറിയാം. ആ സാഹചര്യത്തില്‍ സിപിഎമ്മിനൊപ്പം കൂടി തങ്ങളുടെ സീറ്റ് ഭരണപക്ഷത്ത് തന്നെ ഉറപ്പിച്ചാലോയെന്ന തിരക്കിട്ട ചര്‍ച്ച ലീഗില്‍ സജീവമാണ്. ലീഗ് ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂയെന്ന് സിപിഎമ്മിനും അറിയാം. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പോര് സിപിഎം തദ്ദേശ തെരഞ്ഞെടുപ്പില്‍ ശരിക്കും മുതലെടുക്കുകയായിരുന്നു. പ്രാദേശികതലത്തില്‍ ഇരുകൂട്ടരെയും തമ്മില്‍ തല്ലിക്കുന്നതില്‍ സിപിഎം വിജയിച്ചു. അതിന്റെ ഫലമായാണ് ഇപ്പോള്‍ ചോക്കാട് പഞ്ചായത്തില്‍ സിപിഎമ്മിന് ലീഗിന്റെ അനുഗ്രഹം ലഭിച്ചത്. ചോക്കാട്ടേത് പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ കോണ്‍ഗ്രസ് ലീഗ് തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് ആവര്‍ത്തിക്കുന്ന നേതൃത്വത്തിന് മുന്നിലാണ് ചോക്കാട് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം-ലീഗ് സഖ്യം മത്സരിച്ചിരുന്നു. കോ-മാ-ലി സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.