കൊച്ചി മെട്രോ: യാത്രാ സര്‍വ്വീസിന് കാത്തിരിപ്പ് നീളും

Saturday 2 January 2016 9:20 pm IST

കൊച്ചി: കേരളത്തിന്റെ സ്വപ്‌നമായ മെട്രോ ട്രെയിനിന്റെ കുതിപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊച്ചിയില്‍ ദൃശ്യമാകും. എന്നാല്‍ മുട്ടം യാര്‍ഡിലെ പരീക്ഷണ ഓട്ടത്തിനപ്പുറം യാത്രാ സര്‍വ്വീസിന് മാസങ്ങളോളം ഇനിയും കാത്തിരിക്കേണ്ടി വരും. ജൂണില്‍ യാത്രാ സര്‍വ്വീസ് ആരംഭിക്കുമെന്ന അവകാശവാദം പ്രഖ്യാപനം മാത്രമായി അവശേഷിക്കാനാണ് സാധ്യത. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോയുടെ ആദ്യഘട്ടം. ഇവിടെ നിര്‍മാണം എങ്ങുമെത്തിയില്ലെന്നിരിക്കെ ജൂണില്‍ എങ്ങനെ ട്രെയിനോടിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്. ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. 16 സ്റ്റേഷനുകളാണ് നിര്‍മ്മിക്കേണ്ടത്. ചിലത് പകുതിയോളം പൂര്‍ത്തിയായെങ്കിലും മറ്റ് ചിലത് തുടങ്ങിയിടത്ത് തന്നെയാണ്. വിവിധ ഘട്ടങ്ങളായി നടക്കുന്ന സ്റ്റേഷന്‍ നിര്‍മാണം ഏറെ സങ്കീര്‍ണമാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ സാധിക്കു. ഇതിന് മാസങ്ങള്‍ വേണ്ടിവരും. തൊഴിലാളികളുടെ കുറവാണ് മെട്രോ നിര്‍മാണത്തെ പുറകോട്ടടിപ്പിച്ചത്. ഇത് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിനായി മുട്ടം യാര്‍ഡ് ഒരുക്കുന്നതിന് ഭൂരിഭാഗം തൊഴിലാളികളും കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് മറ്റ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയായാലും അനവധി സാങ്കേതിക തടസ്സങ്ങളും മുന്നിലുണ്ട്. യാര്‍ഡിലെ പരീക്ഷണ ഓട്ടത്തിന് ശേഷം തൂണുകള്‍ക്ക് മുകളിലെ ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം നടത്തേണ്ടതുണ്ട്. അടുത്ത മാസം മുട്ടത്ത് നിന്നും പത്തടിപ്പാലം വരെ നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിന് ശേഷം വിവിധ തരത്തിലുള്ള മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടത്തിന് ശേഷം മാത്രമേ യാത്രാ സര്‍വ്വീസിന് അനുമതി ലഭിക്കുകയുള്ളു. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അനുമതി യാത്രാ സര്‍വ്വീസിന് ആവശ്യമാണ്. നിലവിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം അവസാനം വരെയെങ്കിലും സര്‍വ്വീസിന് കാത്തിരിക്കേണ്ടി വരും. നേരത്തെ ഡിസംബറില്‍ പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍ എത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും യാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മെട്രോ ഓടിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന മെട്രോ നിര്‍മാണം ഗതാഗത കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനാല്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ പ്രഖ്യാപിച്ച സമയത്ത് തീര്‍ക്കാനാകാത്തതും തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. അതിനാല്‍ നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി കുറച്ചു ദൂരം സര്‍വ്വീസ് നടത്തി രാഷ്ട്രീയ നേട്ടമായി പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.