മെട്രോ കോച്ചുകള്‍ കൈമാറി 12ന് കൊച്ചിയിലെത്തും

Saturday 2 January 2016 10:24 pm IST

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍ കേന്ദ്ര നഗരവികസനകാര്യ മന്ത്രി വെങ്കയ്യ നായിഡു കൈമാറുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്,ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.വി. തോമസ് എംപി തുടങ്ങിയവര്‍ സമീപം

കൊച്ചി: കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍ കൈമാറി. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നിര്‍മാണ കമ്പനിയായ അല്‍സ്റ്റോമിന്റെ വ്യവസായ ശാലയില്‍ നടന്ന നടന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസനകാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് മൂന്ന് കോച്ചുകള്‍ കൈമാറിയത്. 12ന് കോച്ചുകള്‍ കൊച്ചിയിലെത്തും. റോഡ് മാര്‍ഗ്ഗം ട്രെയിലറുകളിലാണ് കോച്ചുകള്‍ കൊച്ചിയിലെത്തിക്കുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയിലാണ് യാത്ര. ആലുവ മുട്ടം യാര്‍ഡിലെത്തിച്ച് കോച്ചുകള്‍ കൂട്ടിയോജിപ്പിക്കും. 23ന് മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടത്തും. തൂണുകള്‍ക്ക് മുകളിലെ ട്രാക്കുകളിലൂടെ അടുത്ത മാസം പരീഷണ ഓട്ടം നടത്താനാകുമെന്നാണ് ഡിഎംആര്‍സിയുടെ പ്രതീക്ഷ. ജൂണില്‍ യാത്രാ സര്‍വ്വീസ് ആരംഭിക്കുമെന്നും അധികൃതര്‍ പറയുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എംപി, തിരുപ്പതി എംപി വരപ്രസാദ് റാവു, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ മങ്കു സിംഗ്, അല്‍സ്‌റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.