ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്തു - വി.എസ്

Sunday 3 July 2011 3:17 pm IST

കോട്ടയം: പി.ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്‌തുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഖാദി എം‌പ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വി.എസ് കോട്ടയത്ത് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയ വി.എസ് ശശി വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. പി.ശശി വിഷയത്തില്‍ എല്ലാം കറക്ടായും കൃത്യമായും ചെയ്തുവെന്നാണ് തന്റെ വിശ്വാസം. ഈ വിഷയത്തില്‍ മാധ്യമങ്ങളടക്കം എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കുന്നതിന്‌ വേണ്ടിയാണിത്‌. ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സ്വന്തമായി ഒന്നും ചെയ്യാനില്ലാത്ത എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്മുറക്കാരാണ്‌ ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും വി.എസ്‌ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.