പത്താന്‍കോട്ട് ഭീകരാക്രമണം:പാക് സൈന്യത്തിന്റെ അറിവോടെ

Sunday 3 January 2016 10:58 am IST

ന്യൂദല്‍ഹി:പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് സൂചന. രഹസ്യന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. റാവല്‍പിണ്ടിയിലെ പാക് സൈനിക ഹെഡ്ക്വാട്ടേഴ്‌സില്‍ ഇതിന്റെ ഗൂഢാലോചന നടന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമേ പാകിസ്ഥാനുമായി തുടര്‍ ചര്‍ച്ചയുണ്ടാകൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടി.ഇടക്കാലത്ത് പ്രവര്‍ത്തനം ദുര്‍ബലമായിരുന്ന ജയ്‌ഷെഷിന്റെ പുനരുജ്ജീവനമായിട്ടാണ് ആക്രമണം വിലയിരുത്തപ്പെടുന്നത്. എ.കെ.47നുകള്‍, മോര്‍ട്ടാറുകള്‍, ജി.പി.എസ് തുടങ്ങിയവയെല്ലാം ആക്രമണത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈന്യവും പോലീസും ദേശീയ സുരക്ഷാ ഗാര്‍ഡുകളും കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി കടന്ന് കൂടുതല്‍ ഭീകരര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ തുടരുന്നത്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം പത്താന്‍കോട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ പത്താന്‍കോട്ടില്‍ വിന്യസിച്ചു. പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ദില്ലി വിമാനത്താവളത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സുരക്ഷ വിലയിരുത്തി. ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ പുതിയ സാഹചര്യത്തില്‍ തുടരേണ്ടതില്ലെന്നാണ് കോണ്‍ഗ്രസും ശിവസേനയും വാദിക്കുന്നത്. തല്‍ക്കാലം പിന്‍മാറില്ലെന്നും സ്ഥിതി നിരീക്ഷിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി സഹകരിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.