കുട്ടനാട് നെല്‍ചെടിയില്‍ ചീയല്‍ രോഗം വ്യാപകം

Sunday 3 January 2016 5:57 pm IST

കുട്ടനാട്: വിത കഴിഞ്ഞ് മുപ്പതു ദിവസം പിന്നിട്ട നെല്‍ ചെടിയില്‍ ചീയല്‍ രോഗം വ്യാപകം. കര്‍ണാടക സീഡ് കോര്‍പറേഷന്‍ വിതരണം ചെയ്ത വിത്തിലാണു രോഗം പ്രകടമായി കാണുന്നത്. അമ്ല സ്വഭാവമുള്ള കുട്ടനാടന്‍ മണ്ണില്‍ വിത്തിന്റെ വളര്‍ച്ചാഘട്ടത്തില്‍ വരുന്ന വ്യതിയാനവും, കാലാവസ്ഥയിലെ പ്രതിരോധ ഘടകവുമാണു രോഗം വ്യാപകമാകാനുള്ള കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിത്ത് കിളിര്‍ത്ത് ആഴ്ചകള്‍ പിന്നിടുന്നതോടെ ഇലകളില്‍ ആദ്യം മഞ്ഞപ്പു പ്രകടമായി കാണും. ദിവസങ്ങള്‍ക്കകം നെല്ലോലകളുടെ നാമ്പ് ചീഞ്ഞു കൊഴിഞ്ഞു നെല്‍ ചെടി പൂര്‍ണ നാശത്തില്‍ എത്തുന്നു. ചീയല്‍ രോഗത്തിനു കര്‍ഷകര്‍ രാസകീട നാശിനി ഉപയോഗിക്കുന്നുണ്ടങ്കിലും രോഗം തടയാന്‍ സാധിച്ചിട്ടില്ല. നാഷണല്‍ സീഡ് കോര്‍പറേഷന്റേയും കര്‍ണാടക സീഡ് കോര്‍പറേഷന്റേയും വിത്തുകളാണു കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതില്‍ കര്‍ണാടക സീഡ് കോര്‍പറേഷന്‍ വിതരണം ചെയ്ത വിത്തു വിതച്ച കര്‍ഷകരാണു ദുരിതത്തിലായത്. വിതരണം ചെയ്ത വിത്തില്‍ വരിനെല്ല് അധികമായി കണ്ടിരുന്നതായി കര്‍ഷകര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു നെല്‍ ചെടിയിലെ ചീയല്‍ രോഗവും വ്യാപകമായി കണ്ടുതുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.