കുട്ടനാട് പാക്കേജ് അഴിമതി സിബിഐ അന്വേഷിക്കണമെന്ന് എംഎല്‍എ

Sunday 3 January 2016 6:00 pm IST

ആലപ്പുഴ: കുട്ടനാട് പാക്കേജ് അട്ടിമറിച്ചവര്‍ ആരൊക്കെ എന്നുകണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തോമസ് ചാണ്ടി എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുട്ടനാട് പാക്കേജും കുട്ടനാട് കുടിവെള്ളപദ്ധതിയും അട്ടിമറിച്ചതിനുപിന്നില്‍ ജലവിഭവമന്ത്രി പി ജെ ജോസഫിന് ഒപ്പംനില്‍ക്കുന്ന കുട്ടനാട്ടിലെ ചില നേതാക്കള്‍ക്കു പങ്കുണ്ട്. വെള്ളപ്പൊക്കവും മടവീഴ്ചയും പതിവായതിനാല്‍ പാടശേഖരങ്ങള്‍ക്ക് പുറംബണ്ടു നിര്‍മിക്കണം. ജലസേചനവകുപ്പ് നേരിട്ട് ചെയ്യേണ്ടതാണിത്. എന്നാല്‍ കുട്ടനാട് പാക്കേജില്‍പ്പെടുത്തി ബണ്ടുനിര്‍മിക്കാനാണ് വകുപ്പധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാടശേഖരങ്ങള്‍ക്ക് പുറംബണ്ടു നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചു. കരാറുകാര്‍ മുന്നോട്ടുവന്നില്ല. ഇതിനുപിന്നിലും കുട്ടനാട്ടിലെ ചില നേതാക്കളായിരുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. പിന്നീട് പ്രാദേശികമായി കരാറുകാരെ കണ്ടെത്തി ബണ്ടുനിര്‍മാണം നടത്തുകയായിരുന്നു. പതിമൂന്നാം ധനകമീഷന്‍ കേരളത്തിലെ കുടിവെള്ളപദ്ധതികള്‍ക്ക് 300 കോടിരൂപ അനുവദിച്ചിരുന്നു. ഇതില്‍ 70 കോടിരൂപ കുട്ടനാട് കുടിവെള്ളപദ്ധതിക്കു നല്‍കി. നീരേറ്റുപുറം ട്രീറ്റ്‌മെന്റ് പഌന്റില്‍നിന്നു കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിട്ടു. 2014 ആഗസ്തിനുമുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്നു വകുപ്പുമന്ത്രി കുട്ടനാട് പ്രോസ്പിരിറ്റി കൗണ്‍സില്‍യോഗത്തില്‍ ഉറപ്പുനല്‍കിയതാണ്. 2016 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. മന്ത്രിയുടെയും ജലസേചനവകുപ്പിന്റെയും പിടിപ്പുകേടുമൂലമാണ് പദ്ധതി നീണ്ടുപോകുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.