ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ച നടരാജ ഗുരു

Sunday 3 January 2016 7:39 pm IST

ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകപ്രശസ്തമാക്കാന്‍ യത്‌നിച്ച മഹാനായിരുന്നു നടരാജഗുരു. വിവിധ ഭാഷകളില്‍ ഗുരുവിന്റെ സന്ദേശങ്ങളെ രേഖപ്പെടുത്തി അങ്ങനെ കേരളത്തില്‍ മാത്രം ഗുരുദേവന്റെ  ആശയങ്ങള്‍ ഒതുക്കുവാന്‍ ആഗ്രഹിയ്ക്കാത്ത വലിയമനുഷ്യനായിരുന്നു നടരാജഗുരു. നാലാം വയസ്സില്‍ തിരുവനന്തപുരത്ത് കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുന്നകാലത്ത് വലിയ ആള്‍ക്കൂട്ടം പൊതിയുന്ന ഒരു യോഗിവര്യനെ കണ്ടു. ആ മഹാന്‍ ശ്രീനാരായണ ഗുരുവാണെന്നൊന്നും ആകുട്ടിക്ക് അന്നു മനസ്സിലായില്ല. പഠനാനന്തരം നമ്മുടെ കേരളത്തില്‍ ഒതുങ്ങിനിന്നാല്‍ ഒരു തരത്തിലും ഉയരാന്‍ കഴിയില്ല എന്നറിഞ്ഞുകൊണ്ട് സകുടുംബം ഡോ.പല്‍പ്പു മൈസൂരില്‍ എത്തിച്ചേരുകയായിരുന്നു. അങ്ങനെ ഡോ. പല്‍പ്പുവിന്റെ മകനായ നടരാജനും അന്യനാട്ടിലായിരുന്നു പഠനം. എന്നാല്‍ പില്‍ക്കാലത്ത് മൈസൂരില്‍ വച്ച് ശ്രീനാരായണ ഗുരുവുമായി പലതവണ സംസാരിയ്ക്കാന്‍ ഇടവന്നിരുന്നു. തന്നെയുമല്ല ദിവസങ്ങളോളം തന്റെ വീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിനെ ശുശ്രൂഷിയ്ക്കാനും അക്കാലത്ത് നടരാജന് സാധിച്ചു. ചെറുപ്പകാലത്ത് ഗാന്ധി, ടാഗോര്‍, വിവേകാനന്ദന്‍, എന്നിവരെ മനസ്സാല്‍ ആരാധിച്ചിരുന്നു. എന്നിരുന്നാലും ശ്രീനാരായണ ഗരുവിനെ മനസ്സില്‍ പ്രതിഷ്ഠിയ്ക്കുകയായിരുന്നു നടരാജന്‍. പഠനത്തിനായി ശ്രീലങ്ക, പാരീസ് എന്നീരാജ്യങ്ങളിലും നടരാജന്‍ പോയിരുന്നു. സംസ്‌കൃതം, കന്നട, തമിഴ്, ഫ്രഞ്ച് എന്നീഭാഷകളും മലയാളത്തിനു പുറമെ നടരാജ ഗുരുവിന് വശമായിരുന്നു. ടാഗോറും എന്ന ശ്രീനാരായണ ഗുരുവും തമ്മില്‍ സന്ധിച്ചപ്പോള്‍ ദ്വിഭാഷിയായി നിന്നിരുന്നത് നടരാജനായിരുന്നു. സന്യസിയ്ക്കാന്‍ തന്നെയാണോ തീരുമാനമെന്ന് ടാഗോര്‍ നടരാജനോട് തിരക്കിയപ്പോള്‍ ''അതേ''എന്നുതന്നെയായിരുന്നു നടരാജന്റെ മറുപടി. ഗുരുസ്വാമിതന്നെയാണ് നടരാജന് കാഷായ വസ്ത്രം നല്‍കിയത്. ഗുരു പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശത്തിനുവേണ്ടി മക്കളെ സമര്‍പ്പണം ചെയ്യാന്‍ ഡോ. പല്‍പ്പു ആഗ്രഹിച്ചിരുന്നതായി അക്കാലത്തദ്ദേഹം പറയാറുണ്ടായിരുന്നത്രേ. 1928ല്‍ നടരാജന്‍ ഫ്രാന്‍സില്‍ പോയി. വിദ്യാഭ്യാസ പ്രക്രിയയിലെ വ്യക്തിഗതമായ ഘടകം എന്ന വിഷയം ഗവേഷണം ചെയ്തു. ഗുരുസ്വാമി സമാധിയാവുന്നനേരത്ത് ശിഷ്യന്‍ വിദേശത്തുതന്നെയായിരുന്നു. ഇക്കാലത്ത് വെന്നീസ്, റോം, ഇംഗ്ലണ്ട്, സിസിലി, എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 32ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുകയുണ്ടായി. ഇതിനിടെ ശിവഗിരി മഠം ഉപേക്ഷിച്ച് പലനാടുകളിലും സന്ദര്‍ശിക്കുകയുണ്ടായി.  35ല്‍ നീലഗിരിയില്‍ ഗുരുകുലം സ്ഥാപിക്കുകയും ചെയ്തു. കൊച്ചി മന്ത്രിസഭയുടെ ഉപദേഷ്്ടാവായി. ഏകലോക പൗരത്വം, ഏകലോക വിദ്യാഭ്യാസം, ഏക സാമ്പത്തികനയം എന്നിവയുടെ കരടുതയ്യാറാക്കുകയുണ്ടായി. അങ്ങനെ ആ രംഗത്തും നടരാജന്‍ ശ്രദ്ധേയനായി. 1970ല്‍ 11 ദിവസം വിശ്വഭാരതി സമ്മേളനം ഏഴിമലയില്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതും അക്കാലത്ത് ചര്‍ച്ചയായിരുന്നു.  ഇതിനിടയില്‍ വര്‍ക്കലയില്‍ ''ഈസ്റ്റ് -വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മ വിദ്യയും ഇദ്ദേഹം സ്ഥാപിച്ചു. ശ്രീനാരായണ തത്വത്തില്‍ ഉറച്ചവിശ്വാസം, ഗീത, ഉപനിഷത്, പുരാണം എന്നിവയില്‍ വ്യുല്‍പ്പത്തിനേടി. ഗുരുദേവന്റെ ദര്‍ശനമാല എന്നകൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.  ''ആന്‍ ഇന്റര്‍ഗ്രേറ്റഡ സയന്‍സ് ഓഫ് ദി അബ്‌സൊല്യൂട്ട് എന്ന പുസ്തകം അമേരിക്കയിലെ ഓര്‍ഗോണ്‍ സര്‍വ്വകലാശാലയില്‍ പാഠ പുസ്തകമാക്കി. ഗുരുവിന്റെ ഒട്ടേറെ കൃതികള്‍ പരിഭാഷപ്പെടുത്തുകയുണ്ടായി നടരാജ ഗുരു. 1895ല്‍ ഡോ. പല്‍പ്പുവിന്റെയും, ഭഗവതിയമ്മയുടേയും മകനായി ജനിച്ച നടരാജന്‍ 1973ല്‍ സമാധിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.