നാല്‌ മന്ത്രിമാരെക്കൂടി മായാവതി പുറത്താക്കി

Saturday 31 December 2011 9:04 pm IST

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നാല്‌ മന്ത്രിമാരെക്കൂടി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രി മായാവതിയാണ്‌ ഈ നടപടി സ്വീകരിച്ചത്‌. ഇതോടെ കഴിഞ്ഞ ആറ്‌ ദിവസത്തിനുള്ളില്‍ മന്ത്രി സ്ഥാനം നഷ്ടമായവരുടെ എണ്ണം പത്തായി. അഴിമതി, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാരോപിച്ചാണ്‌ മന്ത്രിമാരെ പുറത്താക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ബിഎസ്പി നേതാവ്‌ നരേഷ്‌ അഗര്‍വാളും മകന്‍ നിതിന്‍ അഗര്‍വാളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ആറ്‌ മാസത്തിനിടെ മന്ത്രിസ്ഥാനം നഷ്ടമായത്‌ 17 പേര്‍ക്കാണ്‌. ഇതോടെ 52 അംഗ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 27 ആയി ചുരുങ്ങി. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 21 പേരെയാണ്‌ മായാവതി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്‌.
വനം മന്ത്രി ഫത്തേ ബഹാദൂര്‍, സാങ്കേതിക വിദ്യാഭ്യാസ സഹമന്ത്രി സദല്‍ പ്രസാദ്‌, ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ സഹമന്ത്രി അനീസ്‌ അഹമ്മദ്‌, മുസ്ലീം വഖഫ്‌ ബോര്‍ഡ്‌ സഹമന്ത്രി ഷജീല്‍ ഇസ്ലാം അന്‍സാരി എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം മായാവതി പുറത്താക്കിയത്‌. ഇവര്‍ക്ക്‌ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതിയും നിഷേധിച്ചു. മന്ത്രിമാരെ പുറത്താക്കിയ സാഹചര്യത്തില്‍ നസീമുദ്ദീന്‍ സിദ്ധിഖിയ്ക്കായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റേയും മുസ്ലീം വഖഫ്‌ വകുപ്പിന്റേയും ചുമതല. വനം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല താക്കൂര്‍ ജയ്‌വീര്‍ സിംഗിനായിരിക്കും. ഇതോടെ സിദ്ധിഖി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ എണ്ണം 18 ആയി. സിംഗ്‌ ആറും മായാവതി 36 വകുപ്പുകളുമാണ്‌ കൈകാര്യം ചെയ്യുന്നത്‌.
സ്വന്തം നിയോജക മണ്ഡലത്തെ അവഗണിച്ച്‌ മന്ത്രിമാര്‍ പ്രവര്‍ത്തിച്ചതാണ്‌ ഇവരെ പുറത്താക്കാന്‍ കാരണമായി മായാവതി പറയുന്നത്‌. ബുധനാഴ്ച രണ്ട്‌ മന്ത്രിമാരേയും കഴിഞ്ഞ ഞായറാഴ്ച നാല്‌ മന്ത്രിമാരേയുമാണ്‌ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.