കുന്നത്തൂര്‍പ്പാടിയില്‍ വന്‍ ഭക്തജനത്തിരക്ക്: മൂലംപെറ്റ ഭഗവതി കെട്ടിയാടി

Monday 4 January 2016 7:19 am IST

പയ്യാവൂര്‍: ശ്രീ മുത്തപ്പന്റെ ആരൂഡസ്ഥാനമായ കുന്നത്തൂര്‍പ്പാടിയില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന തിരുവപ്പന മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സങ്കേതത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടുംതണിപ്പിനെ അവഗണിച്ചും മലബാറിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് മുത്തപ്പഭക്തരാണ് നിത്യേന ദര്‍ശനത്തിനായി എത്തുന്നത്. ദേവസ്ഥാനത്തെ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മൂലംപെറ്റ ഭഗവതി കെട്ടിയാടി. പാടിയില്‍ തിരുവപ്പനയുടെ കല്‍പ്പന അനുസരിച്ചാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്. കുന്നത്തൂര്‍പ്പാടിയില്‍ മുത്തപ്പന്‍ വന്നപ്പോള്‍ സ്ഥലദേവതയായ ഭദ്രകാളി ബാലനായ മുത്തപ്പനെ സ്വാഗതം ചെയ്ത് പുത്രനായി സ്വീകരിച്ചുവെന്നും ദാരിക വധത്തിന് ശ്രീ പരമേശ്വരന്റെ ഫാലലേചനത്തില്‍ നിന്നും പിറന്ന ഭഗവതി അസുരനിഗ്രഹത്തിന് ശേഷം പാടിയില്‍ കുടികൊള്ളുകയായിരുന്നു എന്നുമാണ് വിശ്വാസം. ദാരികന്റെ താവളമായ ദാരികന്‍ കോട്ട പാടിക്ക് സമീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മൂലംപെറ്റ ഭഗവതി ഭദ്രകാളിയാണെന്നും ഏരുവേശ്ശിയിലെ പാടിക്കുറ്റി ഭഗവതിയാണെന്നും അതല്ല, അയ്യങ്കര നായനാരുടെ പത്‌നി പാടിക്കുറ്റി അന്തര്‍ജ്ജനമാണെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്. ഉത്സവത്തിന്റെ ആദ്യാവസാന ദിവസങ്ങളിലൊഴികെ മറ്റു ചില നാളുകളില്‍ ചോറൂണിന് ശേഷം ഇന്ന് മാതാവിനെ കെട്ടിയാടിക്കണമെന്ന് തിരുവപ്പന ആജ്ഞാപിക്കുകയാണ് പതിവ്. കല്‍പ്പന കേട്ടാലുടന്‍ സ്ഥാനികനായ വണ്ണാന്‍ ദൈവത്തിന് ഒരു കിണ്ടി വീത്ത് കൊടുക്കും. പിന്നെ ദൈവത്തിന്റെ അനുഗ്രഹം വാങ്ങി മുഖത്തെഴുത്തിന് കിടക്കും. മുത്തപ്പന്റെ തിരുമുടി അഴിച്ച ഉടന്‍ ഭഗവതിയുടെ ദാരിക വധം തോറ്റം തുടങ്ങും. ഭഗവതിയെ കെട്ടിയാടുന്നത് വണ്ണാന്‍ സമുദായക്കാരനാണെങ്കിലും തോറ്റം പാടുന്നത് അഞ്ഞൂറ്റാനായിരിക്കും. തോറ്റം നടന്നുകൊണ്ടിരിക്കേ ഭഗവതിക്കോമരത്തിന് ദര്‍ശനവും നിയോഗവും ഉണ്ടായിരിക്കും. ദര്‍ശനമുണ്ടായാലുടന്‍ കലശമെടുത്ത് ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് തിരുവപ്പനയുടെ കോമരം ചന്തന്‍ അഞ്ഞൂറ്റാന്‍, വണ്ണാന്‍, മലയന്‍, വാണവര്‍, കര്‍ത്താവ്, കുടപതി എന്നിവര്‍ക്കെല്ലാം വീത്ത് നല്‍കും. ഈ വീത്ത് കിണ്ണത്തിലാണ് കൊടുക്കുക. അപ്പോഴേക്കും ഭഗവതി മുടി വെക്കും. മുള, നാര് എന്നിവ കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയുണ്ടാക്കിയ മലവാഴയില കൊണ്ട് അലങ്കരിച്ചതാണ് മൂലംപെറ്റ ഭഗവതിയുടെ തിരുമുടി. പട്ടുകൊണ്ട് ഉടയാടയും അണിയാഭരണങ്ങളും വേണം. സൂര്യോദയത്തിന് മുമ്പേ ഭഗവതിയുടെ മുടിയിഴിച്ചിരിക്കും. രണ്ട് നാഴികനേരം മാത്രമേ ഭഗവതി പാടുകയുള്ളൂ. മത്സ്യ-മാംസാദികള്‍ പാടില്ല. കുന്നത്തൂര്‍പ്പാടി കഴിഞ്ഞാല്‍ മൂലംപെറ്റ ഭഗവതി കെട്ടിയാടുന്ന ഒരേയൊരു സ്ഥാനം നൂഞ്ഞിങ്കര മുറ്റമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.