പമ്പാ സംഗമം: പന്തളം രാജാവിനെയും തന്ത്രിയെയും ഹിന്ദുസംഘടനകളെയും ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം

Sunday 3 January 2016 10:44 pm IST

ശബരിമല:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആദ്ധ്യാത്മിക സാംസ്‌കാരിക സമ്മേളനത്തില്‍ പന്തളം രാജപ്രതിനിധിയെയും തന്ത്രിയെയും ഹിന്ദുസംഘടനകളെയും ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.

ഹിന്ദുസംഘടനകളും അയ്യപ്പസേവാസമാജം, അയ്യപ്പസേവാ സംഘം തുടങ്ങിയ സംഘടനകളും സന്യാസി സമൂഹവും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ദേവസ്വം അധികാരികള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ഒഴിവാക്കിയതില്‍ ഗൂഢലക്ഷ്യം: വി. മുരളീധരന്‍

ശബരിമല: പന്തളം കൊട്ടാരത്തെയും തന്ത്രിയെയും ഹിന്ദുസംഘടനകളെയും ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഭാരതീയ ജനതാപാര്‍ട്ടി മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്‍. ശബരിമലയെ രാഷ്ട്രീയവത്കരിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. അയ്യപ്പസ്വാമിയുടെ മാഹാത്മ്യം വിശ്വശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന പരിപാടി സര്‍ക്കാര്‍ പരിപാടിയായി മാത്രം ചുരുങ്ങിയത് പ്രതിഷേധാര്‍ഹമാണ്.

പന്തളം കൊട്ടാരവും തന്ത്രിയെയും ഗുരുസ്വാമിമാരും അയ്യപ്പന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ അതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സമീപനമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പരിപാടിയില്‍ ഹൈന്ദവപ്രസ്ഥാനങ്ങളെയും സന്യാസിമാരെയും ഒഴിവാക്കിയതും പ്രതിഷേധാര്‍ഹമാണ്. സാധാരണക്കാരുടെ അചഞ്ചലമായ ഭക്തിയുടെ മൂര്‍ത്തിമത് ഭാവമാണ് അയ്യപ്പസ്വാമി അതിനാല്‍ സാധാരണക്കാരെയും അയ്യപ്പനുമായി അഭേദ്യമായ ബന്ധമുള്ളവരെയും അവഗണിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും വി. മുരളീധരന്‍ സന്നിധാനത്ത് പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കാളിയായതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

അയ്യപ്പഭക്തരുടെ വിശ്വാസത്തോടുള്ള അവഗണ: അയ്യപ്പസേവാസംഘം

ശബരിമല: അയ്യപ്പസ്വാമിയുടെ മാഹാത്മ്യം കാലത്തിനും ദേശത്തിനും ദേശത്തിനപ്പുറത്തും എത്തിക്കുവാനുള്ള പമ്പാസംഗമം പരിപാടിയില്‍നിന്ന് പന്തളം കൊട്ടാരത്തെയും തന്ത്രിയെയും  ഹിന്ദുസംഘടനകളെയും അവഗണിച്ചത്് പ്രതിഷേധാര്‍ഹമാണെന്ന് അയ്യപ്പസേവാസംഘം.

മുന്‍കാലത്തും ഇത്തരം പരിപാടികളെ രാഷ്ട്രീയ വത്കരിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചിട്ടുള്ളത്.ഇത് അയ്യപ്പഭക്തരുടെ വിശ്വാസത്തിനോടുള്ള അവഗണയാണെന്നും അയ്യപ്പസേവാസംഘം ദേശീയ അദ്ധ്യക്ഷന്‍ വേലായുധന്‍ നായര്‍ സന്നിധാനത്ത് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.