കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും പുല്ലുമേട് പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഏറുന്നു

Sunday 3 January 2016 10:48 pm IST

ശബരിമല: മണ്ഡലകാലം അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീര്‍ത്ഥാടനത്തിന് തിരക്ക് ഏറുന്നു.നിയന്ത്രണങ്ങള്‍ പലതുണ്ടെങ്കിലും അതിവേഗം സന്നിധാനത്ത് എത്താവുന്നതിനാലാണ് സത്രം, ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള യാത്ര ഭക്തര്‍ തിരഞ്ഞെടുക്കുന്നത്.മറ്റ് പാതകളെ അപേക്ഷിച്ച് വലിയ കയറ്റിറക്കങ്ങള്‍ പുല്ലുമേട് പാതയില്‍ ഇല്ല.പ്രകൃതി രമണീയമായ കാനന കാഴ്ചയും ശീതളിമയുള്ള കാറ്റും ഈ പാതയെ വ്യത്യസ്ഥമാക്കുന്നു. വണ്ടിപെരിയാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സത്രത്തില്‍ നിന്നാണ ്കാനനപാതയുടെ തുടക്കം.സത്രത്തില്‍ നിന്ന് യാത്ര തുടങ്ങുന്നത് തന്നെ കൊടും വനത്തിലാണ്.ഒരു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം.പിടിച്ച് കയറുന്നതിന് വനങ്ങളെ ബന്ധിപ്പ്ച്ച് വടം കെട്ടിയിട്ടുണ്ട് കയറ്റം കയറി എത്തുമ്പോള്‍ കാണാനാകുന്നത് മൊട്ടകുന്നുകളാണ്.ഇങ്ങനെ കുറയേറെ കുന്നുകള്‍ കയറിഇറങ്ങി പുല്ലൂമേട്ടിലെത്താം.പുല്ലൂമേടിന് സമീപം വനംവകുപ്പിന്റെ കടയുണ്ട് ഭക്ഷണ ശാലക്ക് പുറമെ ആരോഗ്യവകുപ്പിന്റെ ജീവനക്കാരും ഇവിടെയുണ്ട്. മല കയറ്റത്തിന്റെ കാഠിന്യമില്ലാതെ മലയിറങ്ങി സന്നിധാനത്ത് എത്താമെന്നതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതിലൂടെ എത്തുന്നു.പ്രകൃതിയെ അറിഞ്ഞും ദുര്‍ഘടങ്ങളെ അയ്യപ്പ മന്ത്രത്താല്‍ തരണം ചെയ്തുമുള്ള കാനനയാത്രയാണ് പുല്ലുമേടുവഴിയുള്ളത്. പാതയുടെ പല ഭാഗങ്ങളിലും കഷ്ടിച്ച് രണ്ടു പേര്‍ക്ക് പോകാന്‍ സാധിക്കുന്ന വീതിമാത്രമാണുള്ളത്. ഈ പാതയില്‍ ആവശ്യത്തിന് കടകളോ, സുരക്ഷ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല.പുല്ലമേട് ദുരന്തം നടന്ന വര്‍ഷം വരെ വള്ളക്കടവ് വഴി ഉപ്പുപാറവരെ തീര്‍ത്ഥാടകര്‍ക്ക് വാഹനത്തില്‍ എത്തുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ഇതുമൂലം സത്രം മുതല്‍ സന്നിധാനം വരെയുള്ള 28 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിക്കണം. ഉപ്പുപാറ കഴിഞ്ഞാല്‍ ഈ വഴികളിലൊന്നും കുടിവെള്ളം കിട്ടാന്‍ സൗകര്യമില്ല. പുല്ലുമേട്, കഴുതകൊക്ക, മായക്കല്ല്, കോടംപ്ലാവ് എന്നിവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിര്‍ത്തണമെന്ന് ആവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.