തെരുവുനായ ആക്രമണം; നഗരം പരിഭ്രാന്തിയില്‍

Sunday 3 January 2016 10:59 pm IST

രാജേഷ് ദേവ് കഴിഞ്ഞ 31ന് നടന്ന നഗരസഭ കൗണ്‍സിലില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പേ പിടിച്ച നായ്ക്കളെ പിടികൂടാമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നല്‍കിയ ഉറപ്പും വൈകുകയാണ്. അതേസമയം ചാക്ക, കരിക്കകം പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തെരുവു നായ ആക്രമണത്തെ തുടര്‍ന്ന് കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ ഹിമസിജി നഗരസഭയുമായി ബന്ധപ്പെട്ടപ്പോള്‍ നായയെ കൊല്ലാന്‍ വ്യവസ്ഥയില്ലെങ്കിലും പേ ബാധിച്ച നായയെ കൊന്നാല്‍ കുഴിച്ചിടാന്‍ നാട്ടുകാര്‍ സ്ഥലം കണ്ടെത്തിക്കൊടുക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. നായയെ പിടികൂടുന്ന വാര്‍ഡില്‍ തന്നെ കുഴിച്ചിടാനും സ്ഥലം വേണമെന്നുള്ളതാണ് മറ്റൊരു വസ്തുത. എന്നാല്‍ നായയെ കൊല്ലാന്‍ പാടില്ലെന്ന ഉത്തരവ് വരുന്നതിന് മുമ്പ് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നഗരസഭ പിടികൂടി കൊന്ന നായ്ക്കളെ ചാക്ക ഫയര്‍ഫോഴ്‌സ് സ്റ്റേഷന് മുന്നിലുള്ള എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലത്താണ് കുഴിച്ചുമൂടിയിരുന്നത്. ഒരു നായയെ കുഴിച്ചിടാന്‍ സ്ഥലം കണ്ടെത്തികൊടുക്കണമെന്ന ആവശ്യം ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ അധികൃതര്‍ കണ്ടെത്തുന്ന മുടന്തന്‍ ന്യായമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പേ പിടിച്ച നായ്ക്കളെ കൊല്ലുന്നതില്‍ നഗരസഭ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്നുള്ള ജനങ്ങളുടെ സംരക്ഷണം ചോദ്യചിഹ്നമാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.