കൂടിയാട്ട മഹോത്സവം സമാപിച്ചു

Sunday 3 January 2016 11:01 pm IST

കാലടി: മൂഴിക്കുളം നേപത്ഥ്യയില്‍ എട്ടുദിവസമായി നടന്നുവരുന്ന ജടായുവധം കൂടിയാട്ട മഹോത്സവം സമാപിച്ചു. അപൂര്‍വമായി അവതരിപ്പക്കാറുള്ള കൂടിയാട്ടമാണിത്. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ നാലാമങ്കമാണ് ജടായുവധം. രാവണന്‍ മായാരാമന്റെ വേഷത്തില്‍ വന്ന് സീതയെ തേരില്‍ക്കയറ്റി കൊണ്ടുപോകുന്നതാണ് ഉള്ളടക്കം. മായാരാമന്റെ പുറപ്പാടോടുകൂടി തുടങ്ങിയ കൂടിയാട്ടം തുടര്‍ന്നുള്ള അഞ്ചുദിവസങ്ങളില്‍ മായാരാമന്റെ നിര്‍വഹണം കഴിച്ചു. നിര്‍വഹണത്തില്‍ 'ഇന്ദ്രാണീമഹം' 'പാനാദ്രൂപം', 'മരതകതടേ' തുടങ്ങിയ പ്രസിദ്ധമായ അഭിനയഭാഗങ്ങള്‍ ഉണ്ടായിരുന്നു. രാവണന്‍ സ്വയം വിചാരിക്കുന്ന ഭ്രമാത്മകവും മുഗ്ദ്ധവുമായ ഭാവനാലോകമായിരുന്നു ഇവയുടെ ആട്ടത്തിന്റെ സവിശേഷത. അവസാനത്തെ രണ്ട് ദിവസം മായാരാമന്‍ സീതയുടെ കരസ്പര്‍ശംകൊണ്ട് മായ പ്രത്യക്ഷമായി രാവണനായി മാറുന്ന രംഗവും മായാലക്ഷ്മണന്‍ സൂതനായി മാറുന്ന രംഗവും രാവണനും ജടായുവും തമ്മിലുള്ള വാക്കേറ്റവും യുദ്ധവും അതീവ നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു. ശക്തിഭദ്രന്റെ 'ആശ്ചര്യ'ങ്ങളില്‍ ചിലത് പ്രത്യക്ഷമാകുന്ന ഈ കൂടിയാട്ടം നാടകീയതകൊണ്ടും സൂക്ഷ്മാഭിനയംകൊണ്ടും കാണികളുടെ മനം കവര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.