ആയുര്‍വ്വേദ സര്‍വ്വകലാശാലക്ക് അകാലചരമം

Monday 4 January 2016 12:36 am IST

കൊച്ചി: ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ആയുര്‍വ്വേദ സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ വിഴുങ്ങുന്നു. മലപ്പുറം കോട്ടക്കലില്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്നായിരുന്നു ഭരണമേറ്റയുടന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അറബിക് സര്‍വ്വകലാശാലക്ക് ഭരണപക്ഷത്ത് നിന്ന് തന്നെ മുറവിളി ഉയരുമ്പോഴും ആയുര്‍വ്വേദ സര്‍വ്വകലാശാലയെ വിസ്മരിക്കുകയാണ് സര്‍ക്കാര്‍. ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഗവേഷണത്തിന് പ്രാധാന്യം നല്‍കി സര്‍വ്വകലാശാല സ്ഥാപിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. 2014 ഒക്‌ടോബറില്‍ കോട്ടയത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സെമിനാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറായി ജില്ലാ കലക്ടറെ നിയമിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. ഏതാനും ദിവസം ഇതിനായി ഒരു ഓഫീസ് കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇത് കോട്ടക്കല്‍ ആര്യവൈദ്യശാല കോളേജ് കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോള്‍ ഓഫീസ് വല്ലപ്പോഴുമാണ് തുറക്കുന്നത് തന്നെ. ഫണ്ടില്ലാത്തതിനാലാണ് പ്രവര്‍ത്തനം മുന്‍പോട്ട് പോകാത്തതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പോലും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നതായി ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു. കഴിഞ്ഞ ബജറ്റ് ചര്‍ച്ചയിലുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് തുക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.ജി. വിനോദ്കുമാര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല അനിശ്ചിതത്വത്തിലായത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വ്വേദത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. ആയുഷിന് മാത്രമായി പ്രത്യേക മന്ത്രിയെ നിയോഗിച്ചത് ഇതിന്റെ ഭാഗമാണ്. ഇതനുസരിച്ച് സംസ്ഥാനത്തും ആയുഷ് വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആയുര്‍വ്വേദ സര്‍വ്വകലാശാല ആരംഭിക്കാന്‍ കേന്ദ്ര സഹായം ലഭിക്കും. കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ സംസ്ഥാനം ഇതിനോട് നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നത്. കേന്ദ്രം ആരംഭിക്കാനിരിക്കുന്ന നാഷണല്‍ ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കുന്നതിന് പദ്ധതി റിപ്പോര്‍ട്ട് പോലും സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.