തിരുവാഭരണഘോഷയാത്ര 13ന് പന്തളത്തുനിന്നും ആരംഭിക്കും

Monday 4 January 2016 12:41 am IST

പന്തളം: മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും 13ന് ഉച്ചയ്ക്ക് 1 മണിക്ക്  പുറപ്പെടും. യാത്രയ്ക്ക് മുന്നോടിയായി തിരുവാഭരണങ്ങളുടെ മിനുക്ക് പണികളും അവ അടക്കം ചെയ്തു കൊണ്ടുപോകുന്ന പേടകങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയായതായി കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ്മ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം  മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.ഇതില്‍ പ്രധാനം ഗോപുരത്തിന്റെ ആകൃതിയിലുള്ള നെട്ടൂര്‍  പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തില്‍ തീര്‍ത്ത  തിരുമുഖം,പ്രഭാമണ്ഡലം,വലിയ ചുരിക, ചെറിയചുരിക,ആന,കടുവ,വെള്ളികെട്ടിയ വലംപിരി ശംഖ്,ലക്ഷ്മി രൂപം,പൂത്തട്ടം,നവരത്‌നമോതിരം, ശരപൊളി മാല,വെളക്കുമാല, മണിമാല,എരുക്കുംപൂമാല,കഞ്ചമ്പരം എന്നിവയും രണ്ടാമത്തെ പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്കായുള്ള പൂജാപാത്രങ്ങളും ആണ്. കൊടിപ്പെട്ടി എന്നു വിളിക്കുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയില്‍ മലദൈവങ്ങള്‍ക്കായുള്ള കൊടികള്‍,നെറ്റിപ്പട്ടം,ജീവിത,മെഴുവട്ടക്കുട എന്നിവയാണ്.തിരുവാഭരണ ഘോഷയാത്രയില്‍ ഉടനീളം നെട്ടൂര്‍ പെട്ടി ഒന്നാമതായും,കൊടി പെട്ടി മൂന്നാമതായും ആണ് പോകുന്നത്.അന്‍പത്തിനാല്  ദിവസത്തെ വ്രതമനുഷ്ടിച്ച ഇരുപത്തി രണ്ട് അയ്യപ്പഭക്തന്മാരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങള്‍ പന്തളത്ത് നിന്നും ശബരിമലയിലേക്ക്  വഹിച്ചുകൊണ്ട് പോകുന്നത്. എല്ലാ വര്‍ഷവും ധനു 28നാണ് തിരുവാഭരണം പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നതെങ്കിലും തലേ ദിവസം വൈകിട്ട് തന്നെ തിരുവാഭരണങ്ങള്‍ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തില്‍ നിന്നും ദേവസ്വംബോര്‍ഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും.അന്ന് വെളുപ്പിനെ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം കണ്ടു തൊഴാന്‍ പതിനായിരക്കണക്കിന് ഭക്ത ജനങ്ങള്‍ ശരണം വിളികളോടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കും.13ന് രാവിലെ 5മണിക്ക് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം  ഉച്ചയ്ക്ക് 12 മണി വരെ ഭക്തരെ ദര്‍ശനത്തിന് അനുവാദിക്കും. കൃത്യം പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഈ സമയം കൊട്ടാരത്തിലെ അംഗങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.ദീപാരാധനയോടെ പൂജാകര്‍മങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ ആഭരണങ്ങള്‍ പേടകങ്ങളില്‍ അടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലകള്‍ ചാര്‍ത്തി ഘോഷയാത്രക്ക് തയ്യാറാകും.അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേല്‍ശാന്തിക്ക് പണക്കിഴി ദക്ഷിണയായി നല്‍കി വലിയതമ്പുരാന്‍ ഉടവാള്‍ സ്വീകരിക്കും.പന്തളം രാജവംശത്തിലെ വലിയ തമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ദര്‍ശനം നടത്താന്‍ പാടില്ലാത്തതിനാല്‍ ഈ ഉടവാളുമായി തമ്പുരാന്റെ പ്രതിനിധിയായി ഇളമുറതമ്പുരാന്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും പറന്നെത്തുന്ന രണ്ട് ശ്രീകൃഷ്ണ പരുന്തുകള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മൂന്ന്തവണ വട്ടമിട്ട്പറക്കുന്നതോടെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടും.ഘോഷയാത്രയ്ക്ക് തൊട്ടു പിന്നാലെ പല്ലക്കില്‍ വലിയ തമ്പുരാന്റെ പ്രതിനിധിയും പരിവാരങ്ങളും ഇരുമുടിയേന്തിയ പതിനായിരക്കണക്കിനു അയ്യപ്പ ഭക്തന്മാരും യാത്രയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.