പുരി രഥോത്സവത്തിന്‌ തുടക്കമായി

Sunday 3 July 2011 3:26 pm IST

പുരി: ഒറീസയിലെ പ്രശസ്തമായ പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര മഹോത്സവത്തിന്‌ തുടക്കമായി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന്‌ ജഗന്നാഥ സ്വാമിയെയും ബലഭദ്രനെയും സുഭദ്രയെയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നതാണ്‌ രഥയാത്ര. ഉച്ചയ്ക്ക്‌ മൂന്ന്‌ മണിയ്ക്ക്‌ ആരംഭിച്ച രഥയാത്രയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. രഥയാത്ര കടന്നുപോകുന്ന മൂന്നു കിലോമീറ്റര്‍ പാതയുടെ ഇരുവശങ്ങളിലെയും കെട്ടിടങ്ങള്‍ വെള്ളച്ചായം തേച്ച്‌ തിളക്കിയിട്ടുണ്ട്‌. രഥയാത്ര പ്രദേശത്ത്‌ മത്സ്യമാംസാദികള്‍ വിളമ്പുന്ന ഹോട്ടലുകള്‍ നിരോധിച്ചു. ശക്തമായ പോലീസ്‌ കാവലും സുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. ഒരാഴ്ച ഭഗവല്‍വിഗ്രങ്ങള്‍ ഗുണ്ടിച്ച ക്ഷേത്രത്തിലാണ്‌ പൂജിക്കുക. ജൂലായ്‌ 11ന്‌ ബഹുദായാത്രയായി ഭഗവല്‍ വിഗ്രഹങ്ങള്‍ തിരികെ ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരും. ജൂലായ്‌ 14ന്‌ നിലാദ്രി ബിജെയ്‌ ദിനത്തിലാണ്‌ വിഗ്രഹങ്ങള്‍ അവിടെ ശ്രീകോവിലില്‍ വച്ച്‌ പൂജകള്‍ പുനരാരംഭിക്കുക. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്നപുരി ജഗന്നാഥ യാത്ര ലോകത്തെ ഏറ്റവും പുരാതന ക്ഷേത്ര ഉത്സവ ചടങ്ങായാണ്‌ കരുതപ്പെടുന്നത്‌. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌ വിശ്വാസികളും തീര്‍ത്ഥാടകരും ഒപ്പം ടൂറിസ്റ്റുകളും ഇതില്‍ സംബന്ധിക്കാനെത്താറുണ്ട്‌. ഇക്കുറി എട്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.