ഓട്ടോറിക്ഷ യാത്ര ദുരിതമാകുന്നു; നടപടിയെടുക്കണമെന്ന് യാത്രക്കാര്‍

Monday 4 January 2016 10:59 am IST

കൊല്ലം: നഗരത്തിലെ യാത്രക്കാരെ ഓട്ടോെ്രെഡവര്‍മാര്‍ ചൂഷണം ചെയ്യുന്നതായി വ്യാപക ആക്ഷേപം. അംഗീകൃത സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ പോലും മീറ്ററിടാതെയും അമിത ചാര്‍ജ്ജ് ആവശ്യപ്പെട്ടും യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മിനിമം ചാര്‍ജ്ജ് ഈടാക്കുന്ന സവാരികള്‍ക്ക് പോലും ഇരട്ടിയിലധികം തുകയാണ് നഗരത്തിലെ ചില ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. മാന്യമായി നഗരത്തില്‍ സവാരി നടത്തി ജീവിക്കുന്ന ഡ്രൈവര്‍മാര്‍ക്കുപോലും പേരുദോഷമുണ്ടാക്കുന്ന സമീപനമാണ് ഒരുവി'ാഗം ഓട്ടോെ്രെഡവര്‍മാരില്‍ നിന്നുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. മീറ്ററിട്ട് ഓടുന്ന ഓട്ടോറിക്ഷകള്‍ പോലും മീറ്ററിലെ തുകയെക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് യാത്രക്കാരുമായുള്ള വാക്കേറ്റത്തിന് വഴിവെക്കുന്നത് നഗത്തിലെ പതിവ് കാഴ്ചയാണ്. പൊതുസ്ഥലങ്ങളില്‍ ഡ്രൈവര്‍മാരുമായി വഴക്കിടേണ്ടി വരുന്നതിനാല്‍ അത്മാഭിമാനുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്ന തുക നല്‍കി പോകുകയാണ് പതിവ്. പെട്രോള്‍ വില ഉയരുന്നതിന് ആനുപാതികമായി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നുണ്ടെങ്കിലും നിലവിലെ മീറ്റര്‍ വാടകയ്ക്ക് സവാരി നടത്താനാകില്ലെന്നാണ് അമിത ചാര്‍ജ്ജ് ആവശ്യപ്പെടുന്നതിന് ഡ്രൈവര്‍മാര്‍ ന്യായം പറയുന്നത്. ആദ്യത്തെ ഒന്നര കിലോമീറ്ററിന് ഇരുപത് രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും പത്ത് രൂപ നിരിക്കിലുമാണ് വാടക ഈടാക്കുന്നത്. എന്നാല്‍ ചില ഡ്രൈവര്‍മാര്‍ മീറ്ററിടാതെ സവാരി നടത്തി ഓരോ കിലോമീറ്ററിനും ഇരുപത് രൂപാ പ്രകാരം യാത്രക്കാരില്‍ നിന്നും ഈടാക്കി പകല്‍ കൊള്ള നടത്തുകയാണ്. പോലീസിലും മറ്റ് പരാതി പെട്ടാല്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരുമെന്നുള്ള ഭയത്താല്‍ പരാതിപെടാനും ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്ന സാധാരണ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷം സംസ്ഥാനമൊട്ടാകെ മീറ്ററുകല്‍ പ്രവര്‍ത്തിക്കാതെ ഓട്ടോ സവാരി നടത്തിയതുമായി ബന്ധപ്പെട്ട് 1844 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയില്‍ നിന്നാണ്. 261 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോടും ഇടുക്കിയുമാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, യഥാക്രം 32 ഉം 28 ഉം കേസുകളാണ് ഒരു വര്‍ഷത്തിനിടയില്‍ ഈ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തത്. ടാക്‌സി സവാരി നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഒന്നിനെ പോലും മീറ്റര്‍ ഘടിപ്പിക്കുന്നതില്‍ നിന്ന് അധികൃതര്‍ ഒഴിവാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സവാരി നടത്തുമ്പോള്‍ ഇവ പ്രവര്‍ത്തിപ്പിക്കുവാന്‍ ഡ്രൈവര്‍മാര്‍ കൂട്ടാക്കുന്നില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും സവാരി വിളിക്കുന്നവര്‍ മാത്രമാണ് ചൂഷണത്തിന് വിധേയമാകാതെ രക്ഷപ്പെടുന്നത്. മറ്റിടങ്ങളിലുള്ള സ്റ്റാന്‍ഡുകളിലെ ഭൂരിഭാഗം ഓട്ടോഡ്രൈവര്‍മാര്‍ക്കും യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ്. അമിതകൂലി ഈടാക്കുന്നതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇവയൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുടെ സമീപനത്തില്‍ നിന്ന് മനസിലാകുന്നത്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്താന്‍ പൊലീസും പ്രത്യേക എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡും ഉണ്ടെങ്കിലും ഇവ നിര്‍ജീവമായ അവസ്ഥയിലാണ്. ഓട്ടോറിക്ഷകള്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍വ്വീസുകളും ചെയ്തു കൊടുക്കുന്നത് ലീഗല്‍ മെട്രോളജി വകുപ്പ് സീല്‍ ചെയ്ത മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ്. കൂടാതെ വാഹനപരിശോധന സമയത്തും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയിലും മീറ്റര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. പരിശോധന ശക്തമാക്കി സാധാരണ യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന വാഹനമായി ഓട്ടോറിക്ഷകളെ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.