താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Monday 4 January 2016 8:01 pm IST

തുറവൂര്‍: ടെക്‌നീഷ്യന്‍മാരുടെ കുറവ്, താലൂക്കാശുപത്രിയായി ഉയര്‍ത്തിയ തുറവൂര്‍ ഗവണ്‍മെന്റാശുപത്രിയിലെ എക്‌സറെ യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ആയിരത്തോളം രോഗികള്‍ നിത്യേന ചികിത്സ തേടിയെത്തുന്ന ഇവിടെ ഒട്ടേറെ പേര്‍ക്ക് എക്‌സ്‌റേ പരിശോധന ആവശ്യമായി വരുന്നുണ്ട്. ദിവസേന ചികിത്സയ്‌ക്കെത്തുന്നവരില്‍ നൂറ് രോഗികള്‍ക്കെങ്കിലും എക്‌സറെ പരിശോധന ആവശ്യമായി വരുന്നുണ്ട്.ഇതിന് പുറമെ ദേശീയപാതയോരത്തുള്ള പ്രധാന ആതുരാലയമെന്ന നിലയിലും അപകടങ്ങളില്‍പ്പെടുന്നവരടക്കം ഇവിടെയെത്തുന്ന നിരവധി പേര്‍ക്ക് എക്‌സറെ എടുക്കേണ്ടി വരുന്നു. ഡോക്ടറുടെ കുറിപ്പുമായി പരിശോധനയ്‌ക്കെത്തുന്ന രോഗികള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. അടിയന്തര പരിശോധന നടത്തി ചികിത്സനിശ്ചയിക്കേണ്ട രോഗികള്‍ക്ക് പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തീരദേശ-കായലോര മേഖലയിലെ പാവപ്പെട്ട മത്സ്യ-കയര്‍ തൊഴിലാളികളടക്കമുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിലവില്‍ ഒരു ടെക്‌നീഷ്യന്റെ സേവനം മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. അടിയന്തരമായി പരിശോധന നടത്തേണ്ട രോഗികള്‍ ആശുപത്രിക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പുറത്തുള്ള ലാബുകളില്‍ ചുരുങ്ങിയ സമയം കൊണ്ട് നടത്തുന്ന പരിശോധനകള്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നതിനാലാണ് ജനങ്ങള്‍ സ്വകാര്യ ലാബുകളില്‍ അഭയം തേടുന്നത്. ഇസിജി, എക്‌സറെ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഒരു ജീവനക്കാരി മാത്രമാണുള്ളത്, ഇതിനു പുറമെ മരുന്നു വിതരണ സ്ഥലത്തെ നീണ്ട ക്യൂവും രോഗികളെ ദുരിതത്തിലാക്കുകയാണ്. ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ലാത്തതാണ് ഇതിനു കാരണം. നിലവാരമുയര്‍ത്തിയതായി പ്രഖ്യാപിച്ചങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പ്രഖ്യാപനങ്ങള്‍ക്ക് പകരം ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.