അടവുനയവുമായി മന്‍മോഹന്‍

Sunday 1 January 2012 9:47 am IST

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചതിന്‌ പിന്നാലെ പുതിയ അടവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രംഗത്ത്‌. രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിയാത്തത്‌ നിര്‍ഭാഗ്യകരമാണെന്നും കാര്യക്ഷമമായ ലോക്പാല്‍ ബില്ലിന്‌ കേന്ദ്രം പ്രതിബദ്ധരാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ലോക്പാല്‍ പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകസളിലും ഭൂരിപക്ഷമില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ മന്‍മോഹന്റെ രാജിക്ക്‌ സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ പുതിയ തന്ത്രം. വിവിധ തലങ്ങളിലുള്ള പ്രതികരണം ആവശ്യമായ ഗുരുതരമായ പ്രശ്നമാണ്‌ അഴിമതിയെന്നും ലോക്പാലും ലോകായുക്തകളും പരിഹാരമാര്‍ഗങ്ങളില്‍ പ്രധാനമാണെന്നും രാഷ്ട്രത്തിന്‌ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിയാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. അഴിമതിക്കെതിരെ കേന്ദ്രം ഒട്ടേറെ നടപടികള്‍ എടുത്തിട്ടുണ്ട്‌. ഇതിന്റെയെല്ലാം പൂര്‍ണഫലമറിയാന്‍ സമയമെടുക്കുമെന്നും ക്ഷമ കാണിക്കണമെന്നും അദ്ദേഹം ജനങ്ങളോട്‌ പറഞ്ഞു.
ലോക്പാല്‍ ബില്‍ മരിച്ചിട്ടില്ലെന്നും ഐസിയുവിലോ എമര്‍ജന്‍സി വിഭാഗത്തിലോ അല്ലെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിംഗ്‌വി പറഞ്ഞു. വിശ്രമത്തില്‍ കഴിയുന്ന ബില്‍ ഉടന്‍ തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, മഹാരാഷ്ട്രയിലെ റാലെഗാവ്‌ സിദ്ധിയില്‍ 2, 3 തീയതികളില്‍ നടത്താനിരുന്ന ടീം ഹസാരെ കോര്‍ കമ്മറ്റി യോഗം മാറ്റിവെച്ചു. ഹസാരെയുടെ അനാരോഗ്യം കണക്കിലെടുത്താണിത്‌. പുതിയ തീയതി ഏതാനും ദിവസത്തിനകം തീരുമാനിക്കുമെന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഭാവിതന്ത്രങ്ങള്‍ തീരുമാനിക്കാനാണ്‌ ഹസാരെയുടെ സ്വദേശമായ റാലെഗാവ്‌ സിദ്ധിയില്‍ അനുയായികള്‍ യോഗം സംഘടിപ്പിച്ചിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.