മണിപ്പുഴയുടെ രക്ഷകന് ദേശീയ പുരസ്‌കാരത്തിന്റെ സ്വര്‍ണ്ണതിളക്കം

Monday 4 January 2016 8:37 pm IST

ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് വഴിയൊരുക്കിയ ഗ്യാസ് സിലണ്ടറുമായി നിധിന്‍

എരുമേലി: മണിപ്പുഴയെന്ന കൊച്ചുഗ്രാമത്തെ വന്‍ദുരന്തത്തില്‍ നിന്നും സാഹസികമായി രക്ഷിച്ച പതിനാലുകാരനായ നിധിന്‍ ദേശീയ പുരസ്‌കാരത്തിന്റെ സ്വര്‍ണ്ണത്തിളക്കം എറ്റുവാങ്ങുമ്പോള്‍ ഗ്രാമത്തിന് അഭിമാനം.റിപ്പബ്ലിക് ദിനത്തില്‍ സ്വര്‍ണ്ണപ്പതക്കം ഏറ്റുവാങ്ങുമ്പോള്‍ മണിപ്പുഴയെന്ന ഗ്രാമവും അഭിമാനത്തിന്റെ ഉന്നതിയിലെത്തും.

അയല്‍വാസിയുടെ അടഞ്ഞുകിടന്ന വീട്ടില്‍ അടുക്കളയിലെ ഗ്യാസ് സിലണ്ടറില്‍ നിന്നും പുക ഉയരുന്നത് ജനാലയിലൂടെ കണ്ട നിധിന്‍ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് സിലണ്ടര്‍ എടുത്ത് വലിച്ചെറിഞ്ഞ ചരിത്ര നിമിഷമാണ് മണിപ്പുഴ വെളുത്തേടത്ത് ഫിലിപ്പ് മാത്യുവിന്റെ മകന്‍ നിധിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങാന്‍ ഇന്ദ്രപ്രസ്ഥത്തിലെത്താന്‍ അവസരം നല്‍കിയത്.

2015 ജനുവരിയിലായിരുന്നു സംഭവം. അയല്‍വാസിയായ മനോജും കുടുംബവും ബന്ധുവീട്ടിലേക്ക് പോയനേരം മനോജിന്റെ വീട്ടിലെ അടുക്കളയില്‍ നിന്നും പുക ഉയരുന്നതു നിധിന്‍ കണ്ടത്. സംശയം തോന്നി നിധിനും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലണ്ടറിന്റെ സമീപത്തുകിടന്ന തുണിക്കഷണം കത്തുന്നത് കണ്ടത്. അപകടം മനസിലാക്കി നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ കതക് ചവിട്ടിതുറന്ന് അടുക്കളയില്‍ പ്രവേശിച്ച നിധിന്‍ സിലണ്ടറില്‍ നിന്നും റഗുലേറ്ററും ട്യൂബും വേര്‍പെടുത്തിയതിനുശേഷം ചൂടായ സിലണ്ടര്‍ തോളിലേറ്റി വീടിന്റെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. സിലണ്ടറിന് തീ പിടിച്ചിരുന്നെങ്കില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു സിലണ്ടറും കത്തി വന്‍ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നുവെന്നും നിധിന്‍ ജന്മഭൂമിയോട് പറഞ്ഞു.

എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനായ നിധിന് പുരസ്‌കാരം ലഭിച്ചതറിഞ്ഞതോടെ മണിപ്പുഴ ഗ്രാമം സന്തോഷത്തിമര്‍പ്പിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.