യുഡിഎഫിന്റെ മരണമണി

Monday 4 January 2016 9:39 pm IST

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ കാലംമുതല്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണെന്ന് തെളിയിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ പ്രധാന തെളിവായിരുന്നല്ലോ ആറന്മുള വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനവും നടപടികളും. ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍ ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറക്കേണ്ടിവരും. ഹൈന്ദവക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും കൊടിമരവുമെല്ലാം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആറന്മുളയില്‍ ഒരു വിമാനത്താവളത്തിന്റെതന്നെ ആവശ്യമില്ലാത്തത് കൊച്ചി വിമാനത്താവളത്തിന്റെ അടുത്തായതിനാലാണ്. അതിനുവേണ്ടി കൃഷിനിലങ്ങള്‍ നികത്താനും പരിസ്ഥിതി നശീകരണത്തിനും കൂട്ടുനില്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. സുഗതകുമാരിയുടെയും കുമ്മനം രാജശേഖരന്റെയും നേതൃത്വത്തില്‍ നടന്ന ധീരമായ സമരമാണ് അതിനെ പ്രതിരോധിച്ചത്. ഇപ്പോള്‍ അമ്പലപ്പുഴ ക്ഷേത്രഭൂമി സ്വകാര്യവ്യക്തികള്‍ക്ക് സര്‍ക്കാര്‍ മറിച്ചുവില്‍ക്കാന്‍ നീക്കം നടത്തുകയാണ്. കഴിഞ്ഞ റീസര്‍വേയിലാണ് ചിലരുടെ ഇടപെടലിനെത്തുടര്‍ന്ന് ക്ഷേത്രഭൂമി സര്‍ക്കാരിന്റേതായി മാറിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഭൂമിയാണ് ഇത്തരത്തില്‍ സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ ശ്രമം നടക്കുന്നത്. ഇതിനുവേണ്ടി കോണ്‍ഗ്രസിലെ പ്രമുഖ ജനപ്രതിനിധിയാണ് റവന്യൂ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയതത്രേ. റീസര്‍വ്വേ പ്രകാരം പടിഞ്ഞാറെ നടയിലെ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണ്. ഇത് പതിച്ചുനല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി സര്‍വ്വേയും നടന്നു. അഞ്ച് ആനകളെ നിരത്തി നടത്തുന്ന ആറാട്ടെഴുന്നള്ളിപ്പും നാടകശാലസദ്യയും വേലകളിയും മൂളയറ ഭഗവതിയുടെ ആറാട്ടും മറ്റനുഷ്ഠാനങ്ങളും നടത്തുന്ന ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല ഇതൊക്കെ നിലനിര്‍ത്തുന്ന ഹിന്ദുധര്‍മ്മത്തെതന്നെ ഇല്ലാതാക്കാനാണോ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായതോടെ യുഡിഎഫ് സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അദ്ദേഹം ജനങ്ങളെ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് ഭയക്കുന്നു. ഇതുകൊണ്ടാണല്ലോ പറയാത്തത് പറഞ്ഞുവെന്ന് വരുത്തിത്തീര്‍ത്ത് കുമ്മനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ശ്രമിക്കുന്നത്. സുധീരന്റെ ആരോപണം ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്ന അന്യമതസ്ഥരെ ഒഴിവാക്കണമെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു എന്നാണ്. എന്നാല്‍ താന്‍ ഇത് പറഞ്ഞിട്ടില്ലെന്ന് കുമ്മനം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സുധീരന്‍ പിന്മാറാന്‍ തയ്യാറല്ല. കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനം ഹിന്ദുസമൂഹത്തിന് മാത്രമല്ല രാഷ്ട്രീയകേരളത്തിന് മുഴുവന്‍ ഉണര്‍വ്വാണെന്ന് പ്രശസ്ത കവി എസ്. രമേശന്‍നായര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം അദ്ദേഹം ക്രിസ്ത്യന്‍ ബിഷപ്പുമാരെയും മറ്റും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതുതന്നെ ഹൃദയവിശാലതയും പ്രതിബദ്ധതയും വ്യക്തമാക്കുകയും ചെയ്യുന്നു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല ഭരിക്കുകയും ചെയ്യുമെന്ന് കുമ്മനം പറഞ്ഞിരുന്നു. ഇതാണ് സുധീരനെ ഭയചകിതനാക്കുന്നത്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയില്‍ സ്ഥാനംപിടിച്ച ആളാണല്ലോ സുധീരനും. എസ്എന്‍ഡിപി ബിജെപിയോടടുക്കുന്നത് തടയാന്‍ വെള്ളാപ്പള്ളി നടേശനെ കേസില്‍ കുടുക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. ഒരാളെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച നൗഷാദിന് നല്‍കിയ അംഗീകാരം സമാന സന്ദര്‍ഭങ്ങളില്‍ ജീവന്‍ വെടിഞ്ഞ ഹിന്ദുക്കള്‍ക്കും നല്‍കണമെന്ന് പറഞ്ഞതാണ് വെള്ളാപ്പള്ളിക്കെതിരായ കുറ്റം. വെള്ളാപ്പള്ളി മതവിദ്വേഷം ഉണ്ടാക്കുന്ന വിധത്തില്‍ ഒന്നുംപറഞ്ഞിട്ടില്ലെന്നും മതവിവേചനം കാണിക്കുന്ന ഭരണകൂടത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. സുധീരനാകട്ടെ വെള്ളാപ്പള്ളിയോടുള്ള വിരോധംകൊണ്ട് കോടതിയെ വിമര്‍ശിക്കുകയാണുണ്ടായത്. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. വി.എം. സുധീരനെപ്പോലുള്ളവരെ പരിഭ്രാന്തരാക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും നിലനില്‍ക്കുന്ന കലഹങ്ങളാണ്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഇടപെട്ടിട്ടൊന്നും ഈ തമ്മിലടിക്ക് ശമനമുണ്ടായിട്ടില്ല. മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും സോണിയയെ കണ്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനാകുമോ എന്ന പരിഭ്രാന്തിയാണ് ബിജെപിക്കും മറ്റുമെതിരായ ആക്രമണത്തിന്റെ കാരണം. എസ്എന്‍ഡിപി-ബിജെപി സഹകരണം യുഡിഎഫിന്റെ മരണമണി മുഴക്കുമെന്ന് ആര്‍ക്കാണറിയാത്തത്?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.